പ്രവാസികളേ ശ്രദ്ധിക്കൂ, ഇനി ചെക്ക് ഇൻ ബാഗിൽ ഈ വസ്തുക്കൾക്ക് വേണ്ട; ഇന്ത്യ- യുഎഇ വിമാനത്തിൽ ഇവ നിരോധിച്ചു
ദുബായ്/ മുംബൈ ∙ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുമ്പോൾ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. ബിസിനസ്, ടൂറിസം, തൊഴിൽ ആവശ്യങ്ങൾക്കായി ധാരാളം ഇന്ത്യക്കാർ ഗൾഫിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യ-യുഎഇ എയർ കോറിഡോർ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാണെന്നതിനാലും ഉത്സവകാലം അടുത്തുവരുന്നതിനാൽ സന്ദർശകരുടെ ഒഴുക്ക് ഗണ്യമായി വർധിക്കാനിടയുള്ളതിനാലുമാണ് ഇത്തരമൊരു നടപടി. ആഭ്യന്തര, രാജ്യാന്തര യാത്രക്കാർ നിരോധിക്കപ്പെട്ട സാധനങ്ങൾ കൊണ്ടുപോകുന്നതിനാൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക്-ഇൻ ബാഗേജ് നിരസിക്കുന്നത് വർധിച്ചിട്ടുണ്ട്. ചെക്ക്-ഇൻ ബാഗേജിൽ പതിവായി കാണപ്പെടുന്ന നിരോധിത ഇനങ്ങളിൽ ചിലത് ഉണങ്ങിയ തേങ്ങ (കൊപ്ര), പടക്കം, തീപ്പെട്ടി, പെയിന്റ്, കർപ്പൂരം, നെയ്യ്, അച്ചാറുകൾ, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാർഥങ്ങൾ എന്നിവയാണ്. കൂടുതൽ കണ്ടുവരുന്ന മറ്റ് ചില ഇനങ്ങളിൽ ഇ-സിഗരറ്റുകൾ, ലൈറ്ററുകൾ, പവർ ബാങ്കുകൾ, സ്പ്രേ ബോട്ടിലുകൾ എന്നിവ ഉൾപ്പെടുന്നു. പല യാത്രക്കാരും ഇതേക്കുറിച്ച് അറിയാതെയാണ് ഇത്തരം ഇനങ്ങളെല്ലാം കൊണ്ടുവരുന്നത്. ഇത് അപകടസാധ്യത സൃഷ്ടിക്കുന്നു. സ്ഫോടനത്തിന് സാധ്യത ഉള്ളതിനാൽ ഈ ഇനങ്ങൾ അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുന്നു.കഴിഞ്ഞ വർഷം ഒരു മാസത്തിൽ മാത്രം യാത്രക്കാരുടെ ചെക്ക് ഇൻ ബാഗിൽ നിന്ന് 943 ഉണങ്ങിയ തേങ്ങകൾ കണ്ടെത്തി. ഉണങ്ങിയ തേങ്ങയിൽ ഉയർന്ന അളവിൽ എണ്ണ അടങ്ങിയിട്ടുള്ളതിനാൽ, അത് തീപിടുത്തത്തിന് കാരണമാകും . ഇന്ത്യയുടെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) 2022 മാർച്ചിൽ ഇത് നിരോധിത ഇനങ്ങളുടെ പട്ടികയിൽ ചേർത്തു. ഭൂരിഭാഗം യാത്രക്കാർക്കും ഇതേക്കുറിച്ച് ഇപ്പോഴും അവബോധമില്ല.
മൊത്തം സ്ക്രീൻ ചെയ്ത ബാഗുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ നിരസിക്കപ്പെട്ട ചെക്ക്-ഇൻ ബാഗുകളുടെ അനുപാതം 2022 ഡിസംബറിലെ 0.31 ശതമാനത്തിൽ നിന്ന് മേയിൽ 0.73 ശതമാനമായി വർധിച്ചു. ടെർമിനൽ രണ്ടിൽ മണിക്കൂറിൽ 9,600 ബാഗുകളും ടെർമിനൽ ഒന്നിൽ മണിക്കൂറിൽ 4,800 ബാഗുകളും കൈകാര്യം ചെയ്യുന്ന 8 കിലോമീറ്റർ ബാഗേജ് ബെൽറ്റാണ് മുംബൈ വിമാനത്താവളത്തിലെ ബാഗേജ് സംവിധാനത്തിനുള്ളത്.
നിരോധിത ഇനങ്ങളിൽ ചിലത്:
–ഉണങ്ങിയ തേങ്ങ (കൊപ്ര)
–പെയിന്റ്
–കർപ്പൂരം
–നെയ്യ്
–അച്ചാർ
–എണ്ണമയമുള്ള ഭക്ഷണ സാധനങ്ങൾ
–ഇ-സിഗരറ്റുകൾ
–ലൈറ്ററുകൾ
–പവർ ബാങ്കുകൾ
–സ്പ്രേ കുപ്പികൾ
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)