യുഎഇയിൽ പത്തുവയസ്സുകാരൻറെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം: തീപിടിത്തത്തിൽനിന്ന് കുടുംബം രക്ഷപ്പെട്ടു
ഷാർജ: പത്തുവയസ്സുകാരനായ കുട്ടിയുടെ ഇടപെടലിൽ വൻ ദുരന്തത്തിൽനിന്ന് കുടുംബം രക്ഷപ്പെട്ടു. ഷാർജ എമിറേറ്റിലുള്ള കൽബയിലെ കുടുംബമാണ് തീപിടിത്തത്തിൽനിന്ന് രക്ഷപ്പെട്ടത്. അഹമ്മദ് എന്ന കുട്ടിയാണ് വീട്ടുകാരെ തീപിടിത്തം അറിയിച്ചത്. പുലർച്ചെ രണ്ടു മണിയോടെ കുട്ടിക്ക് കിടപ്പ് മുറിയിൽ കരിഞ്ഞ മണം അനുഭവപ്പെടുകയായിരുന്നു.
ഉടൻ എഴുന്നേറ്റ് സമീപത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന പിതാവ് ഹൈതം അഹമ്മദ് അൽ നഖ്ബിയെ വിവരം അറിയിച്ചു. തുടർന്ന് പിതാവ് മുറി പരിശോധിച്ചപ്പോൾ എ.സിയിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടു. തീ അതിവേഗം മുറിയിലാകെ പടരുകയാണെന്ന് മനസ്സിലാക്കിയ കുടുംബം വീട്ടിൽനിന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. മുറിയിൽ അഹമ്മദിനൊപ്പം രണ്ട് സഹോദരങ്ങളുമുണ്ടായിരുന്നു.
പിന്നീട് ഫയർ അലാറം സംവിധാനം പ്രവർത്തിച്ചതോടെ സിവിൽ ഡിഫൻസ് അധികൃതർ എത്തി തീയണച്ചു.
വീടിൻറെ മറ്റു ഭാഗങ്ങളിലേക്ക് തീപടർന്നിട്ടില്ല. മകൻറെ അടിയന്തരമായ ഇടപെടലാണ് കുടുംബത്തെ വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെടുത്തിയതെന്ന് ഹൈതം അഹമ്മദ് അൽ നഖ്ബി പറഞ്ഞു. യു.എ.ഇ ഫുട്ബാൾ ദേശീയ ടീമിലെ താരം കൂടിയായ അഹമ്മദ്, കൽബ സിറ്റി ക്ലബിലെ അംഗവുമാണ്. പ്രദേശിക പത്രമായ ‘ഇമാറാത്ത് അൽ യൗമാ’ണ് സംഭവം റിപ്പോർട്ട് ചെയ്തത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)