യുഎഇ; ഡെലിവറി ഡ്രൈവർമാർക്ക് തണലേകാൻ 40 വിശ്രമകേന്ദ്രങ്ങൾ കൂടി
യുഎഇയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഡെലിവറി റൈഡർമാർക്കായി എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങൾ നിർമിക്കാനൊരുങ്ങി അധികൃതർ. റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) റൈഡർമാരുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യംവെച്ച് 40 വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നത്. അടുത്ത വർഷം ജൂലൈയിൽ പ്രവർത്തനമാരംഭിക്കുന്ന രൂപത്തിലാണ് നിർമാണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ഡെലിവറിയും പൂർത്തിയാക്കിയ ശേഷം അടുത്ത ഓഡർ ലഭിക്കുന്നതുവരെ ഈ കേന്ദ്രങ്ങളിൽ സൗകര്യപൂർവം വിശ്രമിക്കാൻ സാധിക്കും. റോഡരികിലും മറ്റും കനത്ത ചൂടിൽ കാത്തിരിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായകമാകും. മികച്ച വിശ്രമം റോഡ് സുരക്ഷ വർധിക്കാനും നിയമലംഘനങ്ങൾ കുറക്കാനും സഹായിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.വാട്ടർ കൂളർ, സ്നാക് ഡിസ്പെൻസർ, മൊബൈൽ ചാർജിങ് സ്റ്റേഷൻ എന്നിവയടക്കമുള്ള സൗകര്യങ്ങൾ എല്ലാ കേന്ദ്രങ്ങളിലുമുണ്ടാകും. ഓരോ വിശ്രമ കേന്ദ്രങ്ങളിലും 10 പേർക്ക് വരെ ഒരേസമയം ഇരിക്കാൻ സൗകര്യമുണ്ടാകും. ഏറ്റവും കൂടുതൽ ആവശ്യമുള്ള സ്ഥലങ്ങളിലാണ് കേന്ദ്രങ്ങൾ നിർമിക്കുന്നത്. അറേബ്യൻ റേഞ്ചസ്, ഇന്റർനാഷനൽ സിറ്റി, ബിസിനസ് ബേ, അൽ ഖൂസ്, അൽ കറാമ, അൽ സത്വ, അൽ ജദ്ദാഫ്, മിർദിഫ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഇവയിൽ ഉൾപ്പെടും. അൽ ബർഷയിൽ രണ്ട് വിശ്രമകേന്ദ്രങ്ങൾ നിലവിൽ തന്നെ നിർമിച്ചിട്ടുണ്ട്. ദുബൈയിൽ ബൈക്കിൽ ഡെലിവറി നൽകുന്ന കമ്പനികളുടെ എണ്ണം കഴിഞ്ഞ വർഷത്തോടെ 2,891എണ്ണമായിട്ടുണ്ട്. 2021നേക്കാൾ 40 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)