യുഎഇയിൽ മാലിന്യത്തിൽനിന്ന് വൈദ്യുതി പദ്ധതി: അറിയാം വിശദമായി
ദുബൈ: മാലിന്യത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന ബയോഗ്യാസിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ ദുബൈയിൽ പദ്ധതി. ദുബൈ മുനിസിപ്പാലിറ്റിയും ദുബൈ ഇലക്ട്രിസിറ്റി വാട്ടർ അതോറിറ്റി (ദീവ)യുമാണ് പദ്ധതിക്കായി ധാരണപത്രത്തിൽ ഒപ്പുവെച്ചത്. മുഹൈസ്ന-5ലെ മാലിന്യ കേന്ദ്രത്തിൽ നിന്നാണ് വൈദ്യുതി ഉൽപാദിപ്പിക്കുക. ദുബൈ എക്സ്പോ സിറ്റിയിൽ നടക്കുന്ന കോപ് 28 ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച ധാരണപത്രത്തിൽ രണ്ട് സർക്കാർ വകുപ്പുകളും ഒപ്പുവെച്ചത്. യു.എ.ഇയുടെ നെറ്റ് സീറോ 2050 പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്ന പദ്ധതി വഴി, ഓരോ വർഷവും മൂന്നുലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറക്കാൻ കഴിയുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി വെളിപ്പെടുത്തി.
മാലിന്യ സംസ്കരണത്തിനും പാരിസ്ഥിതിക ആഘാതം കുറക്കുന്നതിനും നൂതനമായ രീതികൾ നടപ്പിലാക്കുന്നതിൻറെ ഭാഗമായാണ് പദ്ധതി വികസിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2050ഓടെ 100 ശതമാനം ഊർജവും പുനരുപയോഗപ്രദമായ സ്രോതസ്സുകളിൽ നിന്നാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാണ് പദ്ധതിയെന്ന് ദീവ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ സഈദ് മുഹമ്മദ് ആൽ തായർ പറഞ്ഞു. പാരിസ്ഥിതിക വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരം കാണുന്നതിന് അടുത്ത രണ്ട് ദശകങ്ങളിൽ ദീർഘകാല പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈ മുനിസിപ്പാലിറ്റിയുടെ കോപ് 28ലെ പങ്കാളിത്തത്തിൻറെ ഭാഗമായാണ് ധാരണപത്രം ഒപ്പുവെച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റിയും ദീവയും നടപ്പിലാക്കുന്ന വിവിധ പരിസ്ഥിതി സൗഹൃദ പദ്ധതികൾ കോപ് 28 വേദിയിൽ ഗ്രീൻ സോണിൽ എനർജി ട്രാൻസിഷൻ ഹബിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യക്കാരായ നൂറുകണക്കിനാളുകളാണ് പവിലിയനുകൾ സന്ദർശിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)