യുഎഇയിലെ സ്കൂളുകൾ ശൈത്യകാല അവധിയിലേക്ക്: സ്കൂളുകൾക്ക് മൂന്നാഴ്ച വരെ അവധി കിട്ടും
ദുബൈ: യു.എ.ഇയിലെ വിദ്യാലയങ്ങൾക്ക് ഇനി അവധിക്കാലം. ശൈത്യകാല അവധി ശനിയാഴ്ച മുതലാണ് ആരംഭിക്കുന്നത്. ഡിസംബർ 9 മുതൽ മൂന്നാഴ്ചയാണ് അവധി. ഷാർജയിലെ വിദ്യാലയങ്ങൾക്ക് ഡിസംബർ 15 മുതൽ രണ്ടാഴ്ചയാണ് അവധി ലഭിക്കുന്നത്. ശൈത്യകാല അവധിക്ക് ശേഷം ജനുവരി 2ന് ക്ലാസുകൾ പുനരാരംഭിക്കും.
ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ രണ്ടാം പാദത്തിന്റെ അവസാനവും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ ആദ്യ പാദത്തിന്റെ അവസാനവും ഈ മാസമാണ്. ഏഷ്യൻ പാഠ്യപദ്ധതി വിദ്യാലയങ്ങളിൽ കലാ കായിക മത്സരങ്ങളും പഠനയാത്രകളും ആഘോഷപരിപാടികളുമൊക്കെ ഈ പാദത്തിലാണ് നടക്കാറുള്ളത്. പഠനത്തോടൊപ്പം കലാ കായിക മത്സരങ്ങളുടെയും വിനോദയാത്രകളുടെയും ദിനങ്ങളാണ് കഴിഞ്ഞുപോയത്.
ജനുവരി രണ്ടു മുതലാണ് ഏഷ്യൻ സ്കൂളുകളിൽ മൂന്നാം പാദത്തിന്റെ ആരംഭം. വാർഷിക പരീക്ഷകളും സി.ബി.എസ്.ഇ, കേരള ബോർഡ് പരീക്ഷകളും നടക്കുക അധ്യയന വർഷത്തിലെ അവസാനത്തിലെ ഈ പാദത്തിലാണ്. ഫെബ്രുവരി 15നാണ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾക്ക് തുടക്കമാവുക. ജനുവരി മാസത്തിൽ 12ാം ക്ലാസുകളിലെ പ്രായോഗിക പരീക്ഷകളും നടക്കും.
ഈ മാസം തുടക്കത്തിൽ ദേശീയദിന അവധി വന്നതിനാൽ, മൂന്ന് ആഴ്ച ശൈത്യകാല അവധി ലഭിക്കുന്ന വിദ്യാലയങ്ങളിൽ നാല് ദിവസം മാത്രമാണ് ഡിസംബറിൽ പ്രവൃത്തി ദിനങ്ങളായത്. അതിനാൽ പല കുടുംബങ്ങളും ഈ മാസം തുടക്കത്തിൽതന്നെ അവധി ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
ക്രിസ്മസ് ആഘോഷവും പുതുവർഷാഘോഷവും സ്വദേശത്തു വെച്ച് ആകാമെന്ന സൗകര്യവും അവധിയിലൂടെ ലഭിക്കും. അവധിക്കാലത്ത് അധ്യാപകർക്കും ഇതര ജീവനക്കാർക്കും രണ്ടാഴ്ചത്തെ അവധി മാത്രമാണ് ലഭിക്കുക. അധ്യാപകർക്ക് ഒരാഴ്ച അധ്യാപക പരിശീലനം നടക്കും. എല്ലാ അവധിക്കാലത്തേയും പോലെ ഉയർന്ന വിമാന നിരക്കാണ് ഈ സമയത്തും വിമാന കമ്പനികൾ ഈടാക്കുന്നത്. ഉയർന്ന നിരക്ക് കാരണം നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നുവെച്ചിരിക്കുകയാണ് പല പ്രവാസികളും. കുറഞ്ഞ ചെലവിൽ മറ്റു രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകാമെന്നതിനാൽ പലരും അവധിക്കാലം ആഘോഷിക്കാൻ ആ മാർഗവും തിരഞ്ഞെടുത്തിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)