യുഎഇയിൽ ഡ്രൈവറില്ലാ ടാക്സി ഉടൻ നിരത്തുകളിൽ
യുഎഇയിൽ ഡ്രൈവറില്ലാ ടാക്സി ഉടൻ നിരത്തുകളിലെത്തുമെന്ന് റിപ്പോർട്ട്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഡ്രൈവറില്ലാ കാറിൽ ദുബൈ റോഡിലൂടെ സഞ്ചരിച്ച ദൃശ്യങ്ങൾ അദ്ദേഹം സ്വയം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ഈക്കാര്യം അറിയിച്ചത്. അദ്ദേഹം ഷെയർ ചെയ്ത വീഡിയോയിൽ കാർ റോഡിലൂടെ കടന്നുപോകുന്നതിനിടെ മുന്നിലെ സൈക്കിൾ യാത്രക്കാരനെ തിരിച്ചറിയുന്നതും വേഗം കുറക്കുന്നതും വിഡിയോയിൽ കാണുന്നുണ്ട്. വഴി തിരിച്ചറിഞ്ഞ് കാർ സ്റ്റിയറിങ് തിരിയുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. സ്കൂളിന് അടുത്തെത്തുമ്പോൾ വാഹനം ഇത് തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കുന്നുമുണ്ട്. റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറും മറ്റു രണ്ടുപേരുമാണ് സഹയാത്രികരായി വണ്ടിയിലുണ്ടായിരുന്നത്.
നഗരത്തിൽ ഡ്രൈവറില്ലാ ടാക്സികൾ പരീക്ഷണയോട്ടം ഒക്ടോബറിൽ തുടങ്ങിയിരുന്നു. ജുമൈറ വൺ മേഖലയിലാണ് സ്വയം നിയന്ത്രിച്ച് ഓടുന്ന ടാക്സികളുടെ പരീക്ഷണയോട്ടം നടത്തിയത്. ജുമൈറ വൺ മേഖലയിൽ ക്രൂയിസ് എന്ന സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയുമായി സഹകരിച്ചാണ് ആർ.ടി.എ, ഡ്രൈവർ ആവശ്യമില്ലാതെ ഓടുന്ന ടാക്സികൾ റോഡിലിറക്കിയത്. പരീക്ഷണഘട്ടമായതിനാൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ടാക്സിയിൽ ഡ്രൈവറുടെ സീറ്റിൽ ഒരാളെ ഇരുത്തിയാണ് പരീക്ഷണം നടന്നിരുന്നത്. സമാനമായ രീതിയിൽ ശൈഖ് ഹംദാൻ യാത്ര ചെയ്തപ്പോഴും ഡ്രൈവറുടെ സീറ്റിൽ ഒരാളുടെ സാന്നിധ്യമുണ്ടായിരുന്നു. ഷെവർലേ ബോൾട്ട് കാറുകളാണ് ഇപ്പോൾ ഡ്രൈവറില്ലാ ടാക്സികളാക്കി നിരത്തിലിറക്കിയിരിക്കുന്നത്. ക്രൂയിസിന്റെ ഡ്രൈവറില്ലാ ടാക്സികൾ കഴിഞ്ഞ വർഷം ഫെബ്രുവരിമുതൽ അമേരിക്കയിൽ സർവിസ് തുടങ്ങിയിട്ടുണ്ട്. 2030ഓടെ ദുബൈ നഗരത്തിലെ വാഹനങ്ങളിൽ 25 ശതമാനവും ഡ്രൈവറില്ലാ വാഹനമാക്കണമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മുന്നോട്ടുവെച്ച ലക്ഷ്യം കൈവരിക്കാനാണ് ഈ മേഖലയിൽ പരീക്ഷണങ്ങൾ സജീവമായി പുരോഗമിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)