യുഎഇയിൽ സ്പോർട്സ് കാർ പാലത്തിൽ നിന്ന് വീണ് രണ്ട് മരണം
യുഎഇയിലെ അൽ ഖവാനീജിൽ ഇത്തിഹാദ് മാളിന് സമീപം അമിത വേഗതയിൽ ഓടിച്ച സ്പോർട്സ് കാർ നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് രണ്ട് പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി 11.55ന് ആണ് അപകടം. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവർ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ട്രാഫിക് ഡിപാർട്ട്മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. അർധ രാത്രിയിൽ അമിത വേഗതയിൽ ഓടിച്ച കാർ പാലത്തിന്റെ വളവിൽ വെച്ച് നിയന്ത്രണം വിട്ട് തെന്നിമാറി ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. താഴേക്ക് പതിച്ച കാർ അമിത വേഗത കാരണം കാർ തെരുവിലൂടെ ഏറെ ദൂരം തെന്നിനീങ്ങി മീഡിയൻ സ്ട്രിപ്പിൽ ഇടിച്ചാണ് നീന്നത്. തുടർന്ന് കാറിന് തീപ്പിടിച്ചതാണ് രണ്ടു പേരുടെയും മരണത്തിനിടയാക്കിയതെന്നും പൊലീസ് വിശദീകരിച്ചു. സംഭവം നടന്ന ഉടനെ ട്രാഫിക് പൊലീസ് എത്തി ട്രാഫിക് നിയന്ത്രിച്ചാണ് ആംബുലൻസുകൾക്ക് വഴിയൊരുക്കിയത്. ദുബൈ പൊലീസിന്റെ അപകട പരിശോധന വിഭാഗത്തിലെ വിദഗ്ധർ സംഭവസ്ഥലത്ത് എത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അപകടകരവും നിരുത്തരവാദപരമവുമായ ഡ്രൈവിങ് മൂലം സ്വയം രക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാവുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നൽകി. ട്രാഫിക് പൊലീസ് നിർദേശിക്കുന്ന വേഗ പരിധി പാലിക്കാനും അപകടം തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പുവരുത്താനും എല്ലാവരും ശ്രമിക്കണമെന്നും മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി അഭ്യർഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)