കഴുത്ത് ഞെരിച്ചും കാർ ഇടിപ്പിച്ചും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഇന്ത്യൻ യുവാവിനെ നാടുകടത്തിയേക്കും
വടക്കൻ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോർഡിലെ ഷോപ്പിങ് സെന്‍ററിലെ കാർ പാർക്കിൽ വെച്ച് വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ ആക്രമിച്ചതിന് ഇന്ത്യക്കാരനായ യുവാവിന് ആറ് വർഷം തടവ് ശിക്ഷ. 28 കാരനായ വരീന്ദർ സിങ്ങിനെ ജയിൽ വാസം കഴിഞ്ഞാൽ നാടുകടത്തുമെന്നാണ് വിവരം. ബ്രോഡ്‌വേ ഷോപ്പിങ് സെന്‍റർ കോംപ്ലക്‌സിലെ സിസിടിവിയിൽ നിന്നും വരീന്ദർ സിങ് ഭാര്യയെ കഴുത്ത് ഞെരിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. അർധബോധാവസ്ഥയിലായ ഭാര്യയെ പ്രതി തന്‍റെ വാഹനത്തിന്‍റെ പിന്നിൽ കയറ്റി. വാഹനത്തിന്‍റെ പുറകിലെ വാതിൽ തുറന്ന് ഭാര്യ വാഹനത്തിൽ നിന്നും രക്ഷപ്പെടുന്നതും കാർ പാർക്ക് എക്സിറ്റിൽ നിന്നുള്ള മറ്റൊരു സിസിടിവിയിൽ പതിഞ്ഞു. ഇതിനു ശേഷം ഭാര്യയുടെ നേരെ പ്രതി അതിവേഗം വാഹനം ഓടിച്ച് വരുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. ‘‘ഭാര്യയെ നിയന്ത്രിക്കാനും ആധിപത്യം സ്ഥാപിക്കാനും നിങ്ങൾ ശ്രമിച്ചതിന്‍റെ ലക്ഷണമാണിത്. സിസിടിവിയിൽ നിങ്ങൾ കാർ ഭാര്യയുടെ അടുത്തേക്ക് വേഗത്തിൽ ഓടിക്കുന്നത് കാണിക്കുന്നു. ഗുരുതരമായ പരുക്കേൽപ്പിക്കാനാണ് നിങ്ങൾ ഉദ്ദേശിച്ചത്. നിങ്ങളുടെ ഭാര്യയ്ക്ക് വലിയ പരുക്ക് ഉണ്ടാകാത്തത് ഭാഗ്യം ”– ബ്രാഡ്‌ഫോർഡ് ക്രൗൺ കോടതിയിലെ ജഡ്ജി പറഞ്ഞു. ശിക്ഷയുടെ ഭാഗമായി സിങ്ങിനെ ആറ് വർഷത്തേക്ക് വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)