യുഎഇയിൽ വിസ അപേക്ഷകർക്ക് പുതിയ വൈദ്യപരിശോധന കേന്ദ്രം: അറിയാം വിശദമായി
അബൂദബി: മധ്യേഷ്യയിലെ ഏറ്റവുംവലിയ സംയോജിത ആരോഗ്യപരിചരണ പ്ലാറ്റ്ഫോം ആയ ‘സേഹ’ അബൂദബിയിൽ വിസ അപേക്ഷകർക്കായി പുതിയ വൈദ്യ പരിശോധന കേന്ദ്രം തുറന്നു. അബൂദബി പൊതു ആരോഗ്യകേന്ദ്രവുമായി സഹകരിച്ചാണ് അൽമരിയ ദ്വീപിലെ ഗലേറിയയിൽ പുതിയ രോഗനിയന്ത്രണ, പരിശോധന കേന്ദ്രം തുടങ്ങിയത്. ആഴ്ചയിൽ ഏഴു ദിവസവും കേന്ദ്രം തുറന്നുപ്രവർത്തിക്കും. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കേന്ദ്രത്തിൻറെ പ്രവർത്തനം. മുൻകൂട്ടി ബുക്ക് ചെയ്തും നേരിട്ടും സേവനം പ്രയോജനപ്പെടുത്താം.
അബൂദബി പൊതു ആരോഗ്യകേന്ദ്രം ഡയറക്ടർ മതർ സഈദ് അൽ നുഐമി, ആംബുലേറ്ററി ഹെൽത്ത് കെയർ സർവിസസ് സി.ഇ.ഒ. ഡോ. അസ്മ അൽ ഹലാസി, അബൂദബി ഗ്ലോബൽ മാർക്കറ്റ് രജിസ്ട്രേഷൻ സി.ഇ.ഒ ഹമദ് അൽ മസ്റൂയി, അൽ മരിയ റീട്ടെയിൽ കമ്പനി സി.ഇ.ഒ. ഡേവിഡ് റോബിൻസൺ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. എമിറേറ്റിലെ വിസ ആവശ്യാർഥമുള്ള മെഡിക്കൽ ടെസ്റ്റിനുവേണ്ടി 12 കേന്ദ്രങ്ങളിൽക്കൂടി അടുത്തിടെ ‘സേഹ’ സൗകര്യം ഒരുക്കിയിരുന്നു. അൽനുഖ്ബ സെൻറർ ഖാലിദിയ, ദി ടോപ് പ്രസ്റ്റീജ് സെൻറർ മുസഫ, ബനിയാസ് സെൻറർ, യൂനിയൻ ഏവിയേഷൻ എംപ്ലോയിസ് സെൻറർ, മുഷ്രിഫ് മാൾ സെൻറർ, അൽവഹ്ദ മാൾ സെൻറർ, മുസഫ സെൻറർ, അൽഷഹാമ സെൻറർ, ക്യാപിറ്റൽ ഹെൽത്ത്, മുബാദല ഹെൽത്ത്, അൽറീം ആശുപത്രി എന്നിവയാണ് കേന്ദ്രങ്ങൾ.
പരിശോധന ഫലം ലഭിക്കാനുള്ള കാലതാമസത്തിൻറെ അടിസ്ഥാനത്തിൽ നോർമൽ, റാപ്പിഡ്, സ്പെഷൽ എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായും പരിശോധന ലഭിക്കും. നോർമൽ ടെസ്റ്റിന് 250 ദിർഹമും റാപ്പിഡ് ടെസ്റ്റിന് 350ഉം 24 മണിക്കൂറിനകം ഫലം ലഭിക്കുന്ന സ്പെഷൽ ടെസ്റ്റിന് 500 ദിർഹവുമാണ് ഫീസ്.
സ്ത്രീകൾ ഗർഭിണിയാണോ എന്നറിയാനുള്ള പരിശോധനക്ക് 50 ദിർഹം വേറെയും നൽകണം. ഒമ്പത് പൊതു ആരോഗ്യകേന്ദ്രങ്ങളിലും മൂന്നു സ്വകാര്യ കേന്ദ്രങ്ങളിലും പരിശോധിക്കാൻ സാധിക്കും. പാസ്പോർട്ട്, എമിറേറ്റ്സ് ഐ.ഡി എന്നിവയുടെ കോപ്പിയും ഏതെങ്കിലും ഒരെണ്ണത്തിൻറെ ഒറിജിനലും പരിശോധന വേളയിൽ ഹാജരാക്കണം. വിസ/ എൻട്രി വിസ കോപ്പി, 2 ഫോട്ടോ, മറ്റ് എമിറേറ്റുകളിലെ വിസക്കാരാണെങ്കിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എന്നിവയും കരുതണം. കൂടുതൽ വിവരങ്ങൾക്ക് സേഹ 800 500, മുബാദല 02 3111111, അൽറീം 800 7444 നമ്പറുകളിൽ ബന്ധപ്പെടണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)