കോർപറേറ്റ് നികുതി മാർഗനിർദേശം പുറത്തിറക്കി അധികൃതർ: നികുതി നൽകേണ്ടവരെ വ്യക്തമാക്കുന്ന മാർഗരേഖ
ദുബൈ: ജൂൺ മുതൽ യു.എ.ഇയിൽ നിലവിൽവന്ന കോർപറേറ്റ് നികുതി ബാധ്യതയുള്ളവർ ആരാണെന്ന് വ്യക്തമാക്കുന്ന മാർഗരേഖ പുറത്തിറക്കി ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ). രാജ്യത്തുനിന്ന് വരുമാനം നേടുന്നവരും ബിസിനസ് ചെയ്യുന്നവരുമായ വ്യക്തികൾക്ക് കോർപറേറ്റ് നികുതി ബാധ്യതയുണ്ടോയെന്ന് മനസ്സിലാക്കാൻ ഉപകരിക്കുന്നതാണ് രേഖ.
നികുതി നൽകാൻ ബാധ്യതപ്പെട്ട, രാജ്യത്തുനിന്ന് വരുമാനം നേടുന്ന ‘നാചുറൽ പേഴ്സൻ’ ആരാണെന്ന് സമഗ്രമായും ലളിതമായും ഗൈഡ് വിശദീകരിക്കുന്നുണ്ടെന്ന് അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു.
യു.എ.ഇയിൽ താമസക്കാരായവരും അല്ലാത്തവരുമായ എല്ലാ പ്രായത്തിലുള്ള വ്യക്തികളെയും കുറിക്കുന്നതാണ് ‘നാചുറൽ പേഴ്സൻ’ എന്ന പ്രയോഗം. 2024 കലണ്ടർ വർഷം മുതൽ വാർഷിക വരുമാനം 10 ലക്ഷം ദിർഹമിൽ കൂടുതലുള്ള, എല്ലാവരും കോർപറേറ്റ് നികുതിക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കി രജിസ്റ്റർ നമ്പർ നേടിയിരിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു. എഫ്.ടി.എ വെബ്സൈറ്റിൽ ഗൈഡ് ലഭ്യമാണ്. രാജ്യത്ത് താമസക്കാരല്ലാത്ത വ്യക്തികൾക്ക് യു.എ.ഇയിൽ സ്ഥിരം സ്ഥാപനമുണ്ടാവുകയും 10 ലക്ഷം ദിർഹമിൽ കൂടുതൽ വരുമാനം ലഭിക്കുകയും ചെയ്താലാണ് നികുതി അടക്കേണ്ടിവരുക. എന്നാൽ ജോലിയിൽനിന്നുള്ള വരുമാനം, വ്യക്തിപരമായ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം, റിയൽ എസ്റ്റേറ്റ് നിക്ഷേപ വരുമാനം എന്നിവക്ക് കോർപറേറ്റ് നികുതിയിൽ ഇളവുണ്ട്.
നികുതിയുമായി ബന്ധപ്പെട്ട് ശരിയായ രീതിയിൽ മനസ്സിലാക്കാൻ പുതുതായി പുറത്തിറക്കിയ ഗൈഡ് വായിക്കുന്നത് പ്രധാനമാണെന്ന് എഫ്.ടി.എ പ്രസ്താവനയിൽ പറഞ്ഞു.
യു.എ.ഇയിൽ ബിസിനസ് ചെയ്യുന്നവർക്ക് നികുതി ബാധകമാകുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് പ്രായോഗിക ഉദാഹരണങ്ങളിലൂടെ ഗൈഡ് വിശദീകരിക്കുന്നുണ്ട്.
ബിസിനസ് സ്ഥാപനങ്ങൾ ഒമ്പത് ശതമാനമാണ് കോർപറേറ്റ് ടാക്സ് നൽകേണ്ടത്. സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ, ഖനന മേഖലയിലെ സ്ഥാപനങ്ങൾ തുടങ്ങിയവയെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കോർപറേറ്റ് നികുതിയിൽനിന്ന് ഒഴിവാക്കിയതായി നേരത്തേ ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)