ഇത്തിഹാദ് യുഎഇയിൽ നിന്ന് കേരളത്തിലെ ഈ വിമാനത്താവളങ്ങളിലേക്കുള്ള സർവിസ് ജനുവരി മുതൽ: ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ ബസ് സർവിസ്
അബൂദബി: ഇത്തിഹാദ് എയർവേസ് അബൂദബിയിൽനിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ജനുവരി ഒന്നുമുതൽ സർവിസ് പുനരാരംഭിക്കുന്നു. പ്രതിദിനം ഓരോ സർവിസുകളാണ് ആദ്യഘട്ടത്തിൽ നടത്തുക. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 14.40ന് അബൂദബിയിൽനിന്ന് യാത്ര തിരിച്ച് രാത്രി 19.55ന് എത്തുന്ന രീതിയിലാണ് കോഴിക്കോട്ടേക്കുള്ള സർവിസ്. എയർക്രാഫ്റ്റ് എയർ ബസ് 320 ആണ് ഇതിനായി സർവിസ് നടത്തുന്നത്.
ഇതിൽ എട്ട് ബിസിനസ് ക്ലാസ്, 157 എക്കോണമി സീറ്റുകളാണ് ക്രമീകരിച്ചത്. തിരിച്ച് രാത്രി 21.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം അർധരാത്രി 00.05ന് അബൂദബിയിലെത്തും. എയർ ക്രാഫ്റ്റ് എയർ ബസ് 321 ആണ് തിരുവനന്തപുരം റൂട്ടിൽ സർവിസ് നടത്തുന്നത്. പുലർച്ച 3.20ന് യാത്രയാവുന്ന വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും. രാവിലെ 10.05ന് തിരുവനന്തപുരത്തുനിന്ന് എത്തുന്ന വിമാനം ഉച്ചക്ക് 12.55ന് അബൂദബിയിൽ ലാൻഡ് ചെയ്യും. ഏഴു കിലോ മുതൽ 35 കിലോ വരെ ലഗേജ് കൊണ്ടുപോകാൻ സാധിക്കുംവിധം വിവിധ നിരക്കുകളിൽ സൗകര്യമുണ്ട്. ഏഴു കിലോ ഹാൻഡ് ബാഗേജ് മാത്രമായും ടിക്കറ്റ് ബുക്ക് ചെയ്യാം. അതേസമയം, ദുബൈ അൽ വാസിൽ സെൻററിലെ ശൈഖ് സായിദ് റോഡിൽനിന്നും തിരിച്ചും സൗജന്യമായി ബസ് സർവിസും പുതിയ സർവിസുകൾക്കായി ഇത്തിഹാദ് ഒരുക്കിയിട്ടുണ്ട്.
സീറ്റ് വേണ്ടവർ മുൻകൂട്ടി ബുക്ക് ചെയ്യണം. ബുക്ക് ചെയ്യാത്തവർക്ക് സീറ്റ് ഉണ്ടെങ്കിൽ യാത്ര ചെയ്യാം. ഇത്തിഹാദ് കൊച്ചി വിമാനത്താവളത്തിലേക്ക് നിലവിൽ മൂന്നു സർവിസുകൾ നടത്തുന്നുണ്ട്. ഇതോടെ കേരളത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളിലേക്ക് സർവിസുകൾ ആവുകയാണ്. കോഴിക്കോട് വിമാനത്താവളത്തിൽ രാത്രി ലാൻഡിങ് നിരോധിച്ചതിനെ തുടർന്ന് 2022 ജൂണിൽ ഇത്തിഹാദ് സർവിസ് അവസാനിപ്പിക്കുകയായിരുന്നു.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ എ നവംബർ ഒന്നിനാണ് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ടെർമിനൽ എയിൽനിന്ന് പൂർണതോതിൽ സർവിസ് നടത്തുന്ന വിമാനക്കമ്പനികളുടെ എണ്ണം 28 ആയി. വിമാനക്കമ്പനികളുടെ മാറ്റം പൂർത്തിയായതോടെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന ടെർമിനലായി ടെർമിനൽ എ മാറി.
ഒരേസമയം 79 വിമാനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ടെർമിനൽ മുഖേന പ്രതിവർഷം 4.5 കോടി യാത്രികർക്ക് വന്നുപോകാനാവും. നവംബറിലെ ആദ്യ രണ്ടാഴ്ചകൊണ്ട് 1557 വിമാനങ്ങളാണ് സർവിസ് നടത്തിയത്. ഈ മാസം അവസാനത്തോടെ 7600ലേറെ വിമാനങ്ങൾ സർവിസ് നടത്തും. ഡിസംബറിൽ 12,220 വിമാനങ്ങൾ സർവിസ് നടത്തും. 30 ലക്ഷത്തോളം പേർ ടെർമിനൽ വഴി യാത്ര ചെയ്യും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)