യുഎഇയിൽ മരബോട്ടിൽ കടത്താൻ ശ്രമിച്ച 234 കിലോ ഹാഷീഷ് പിടികൂടി
ദുബൈ: കടൽമാർഗം മരബോട്ടിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 234 കിലോ ഹഷീഷ് ദുബൈ കസ്റ്റംസ് പിടികൂടി. ‘വീൽഹൗസ്’ എന്നുപേരിട്ട ഓപറേഷനിലൂടെയാണ് കൃത്യമായി ആസൂത്രണം ചെയ്ത് വൻ മയക്കുമരുന്ന് കടത്ത് തടഞ്ഞത്. ദുബൈ ക്രീക് ആൻഡ് ദേര വാർഫേജ് കസ്റ്റംസ് സെൻററാണ് ഓപറേഷന് നേതൃത്വം നൽകിയത്. തുറമുഖത്തെത്തിയ മരബോട്ടിൽ ഹഷീഷ് കടത്തുന്നതായ സംശയത്തെ തുടർന്ന് കസ്റ്റംസിലെ പ്രത്യേക വിഭാഗമായ ‘സിയാജി’ൻറെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തുകയായിരുന്നു.
മരബോട്ടിന്റെ വീൽഹൗസിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. ഇടുങ്ങിയ സ്ഥലങ്ങളിലും മറ്റും പരിശോധന നടത്തുന്നതിന് രൂപപ്പെടുത്തിയ ‘പെരിസ്കോപ്’ സാങ്കേതികവിദ്യയാണ് സംഘം ഓപറേഷന് ഉപയോഗിച്ചത്. ഇരുട്ടിലും ഉയർന്ന റെസല്യൂഷൻ ഇമേജുകൾ നൽകുന്നതാണ് ഈ ഉപകരണം. ദുബൈ കസ്റ്റംസ് നിയന്ത്രിക്കുന്ന ചെക്ക്പോയൻറുകളിൽ സമഗ്രമായ പരിശോധനയും നിരീക്ഷണവും നടത്തുന്ന സംഘമാണ് ‘സിയാജ്’ സംഘം. നിർമിത ബുദ്ധി, പെരിസ്കോപ് ടെക്നോളജി, ഡ്രോണുകൾ തുടങ്ങി അത്യാധുനികമായ സംവിധാനങ്ങളാണ് സംഘം നിരീക്ഷണത്തിന് ഉപയോഗിച്ചുവരുന്നത്.
നിയമാനുസൃത വ്യാപാരം സുഗമമാക്കുന്നതിനൊപ്പം അപകടകരമായ വസ്തുക്കൾ കടത്തുന്നതിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിന് കസ്റ്റംസ് മുൻഗണന നൽകുന്നതായി ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറലും തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺ കോർപറേഷൻ സി.ഇ.ഒയുമായ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു.
സുരക്ഷിത വ്യാപാരത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്ത് തടയുകയും ചെയ്യുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കഴിവിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്ത് അടക്കമുള്ള വലിയ ഭീഷണികളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിലും ദേശീയ സുരക്ഷാ രംഗത്തും ദുബൈ കസ്റ്റംസ് വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് ഡി.പി വേൾഡ് ഗ്രൂപ് ചെയർമാനും സി.ഇ.ഒയും പോർട്ട്, കസ്റ്റംസ്, ഫ്രീ സോൺ കോർപറേഷൻ ചെയർമാനുമായ സുൽത്താൻ അഹമ്മദ് ബിൻ സുലൈം പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)