രാത്രിയിലും സന്ദർശനമൊരുക്കി യുഎഇയിലെ ഗ്രാൻഡ് മോസ്ക്
അബൂദബി: ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ രാത്രികാലങ്ങളിൽ സന്ദർശനത്തിന് അനുമതി. രാത്രി 10 മുതൽ രാവിലെ ഒമ്പതു വരെയാണ് സന്ദർശന സമയം. ഇതോടെ ഇനി 24 മണിക്കൂറും പൊതുജനങ്ങൾക്ക് മോസ്ക് ചുറ്റിക്കാണാനാവും. ട്രാൻസിറ്റ് അല്ലെങ്കിൽ കണക്ഷൻ വിമാനങ്ങൾക്കായുള്ള കാത്തിരിപ്പ് സമയം വിനിയോഗിച്ച് യാത്രക്കാർക്ക് മസ്ജിദും ഇവിടത്തെ ഇസ്ലാമിക ചരിത്രവും ശിൽപചാതുരിയുമൊക്കെ കാണാൻ പുതിയ ഇതു വഴി അവസരമൊരുങ്ങും.
ശൈഖ് സായിദ് മസ്ജിദിൻറെ പതിനാറാം വാർഷികത്തോടനുബന്ധിച്ചാണ് സൂറ ഈവനിങ് കൾചറൽ ടൂർസ് എന്ന പേരിൽ രാത്രി സന്ദർശനം ആരംഭിച്ചിരിക്കുന്നത്. രാത്രിയിലെ യാത്ര എന്നാണ് സൂറ എന്ന അറബിക് പദത്തിൻറെ അർഥം. 14 ഭാഷകളിൽ മൾട്ടിമീഡിയ ഗൈഡ് ഡിവൈസ് സന്ദർശകർക്ക് ഉപയോഗപ്പെടുത്താം. അന്ധർക്കും ബധിരർക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് ഇത് തയാറാക്കിയിരിക്കുന്നത്. 20 ദിർഹമാണ് പ്രവേശന ഫീസ്. wwws.zgmc.gov.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ രാത്രി 10 വരെയും വെള്ളി രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് മൂന്ന് മുതൽ രാത്രി 10 വരെയുമാണ് മറ്റു സന്ദർശന സമയങ്ങൾ.
2023 ആദ്യപകുതിയിൽ 33,34,757 പേരാണ് അബൂദബി ഗ്രാൻഡ് മോസ്ക് സന്ദർശിച്ചത്. അവരിൽ നാലുലക്ഷത്തോളം പേർ ഇന്ത്യക്കാരാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 127 ശതമാനത്തിൻറെ വർധനവാണ് സന്ദർശകരിലുണ്ടായത്. സന്ദർശകരിൽ 914195 പേർ നമസ്കരിക്കാനായും 23,88,437 പേർ വിനോദസഞ്ചാരികളായുമായാണ് എത്തിയതെന്ന് അധികൃതർ അറിയിച്ചു. സന്ദർശകരിലേറെയും ഇന്ത്യക്കാരാണ്. 3,93,566 ഇന്ത്യക്കാരാണ് ഈ വർഷം ആദ്യ പകുതിയിൽ പള്ളിയിലെത്തിയത്.
റഷ്യയാണ് രണ്ടാം സ്ഥാനത്ത്(1,30,023), ചൈന (99,277), യു.എസ് (92,364), ജർമനി (76857), ഇറ്റലി (61330), ഫ്രാൻസ്(53996), ഇസ്രായേൽ(53974), പാകിസ്താൻ(47640), യു.കെ(45790)എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ കണക്ക്. വിനോദസഞ്ചാരികളിൽ 16,84,409 പേർ പള്ളിയിലും 7,04,028 പേർ പള്ളിയുടെ ഭാഗമായ സന്ദർശക കേന്ദ്രവും ബിസിനസ്, മാർക്കറ്റ് ഇടങ്ങളാണ് സന്ദർശിച്ചത്.
വിശ്വാസികൾക്കും സന്ദർശകർക്കും ഒരുക്കിയിരിക്കുന്ന മികച്ച സൗകര്യങ്ങളാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സന്ദർശകരിൽ 81 ശതമാനം വിദേശികളാണ്. ആഗോള ടൂറിസം ആകർഷണങ്ങളിൽ ശൈഖ് സായിദ് മോസ്ക് സുപ്രധാന പദവി വഹിക്കുന്നുവെന്നതിൻറെ തെളിവാണിത്. പള്ളിയുടെ ലൈബ്രറി 1104 പേർ സന്ദർശിച്ചു. ഈ വർഷം ആദ്യപകുതിയിൽ 648 ഔദ്യോഗിക പ്രതിനിധി ബുക്കിങ്ങുകളാണ് ലഭിച്ചത്. 167 ഉന്നതതല പ്രതിനിധി സംഘത്തെ ഇവിടെ സ്വീകരിക്കുകയുണ്ടായി.
10 രാജ്യ തലവന്മാരും മൂന്നു ഉപതലവന്മാരും രണ്ട് പ്രധാനമന്ത്രിമാരും ആറ് പാർലമെൻറ് മേധാവിമാരും 36 മന്ത്രിമാരും നാല് സഹമന്ത്രിമാരും 19 അംബാസഡർമാരും അടക്കമുള്ളവരാണ് പള്ളിയിലെത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)