ദുബൈയിൽ ടാക്സി മിനിമം ചാർജ് ചില സമയങ്ങളിൽ 20 ദിർഹമാകും: പുതുവത്സരാഘോഷ രാവിലും ചാർജ് വർധിക്കും
ദുബൈ: നഗരത്തിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളിൽ വലിയ പരിപാടികൾ അരങ്ങേറുമ്പോൾ ടാക്സി സേവനത്തിൻറെ മിനിമം ചാർജ് 20 ദിർഹമാക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
സാധാരണ ടാക്സികളിലും ഹലാ ടാക്സികളിലും പുതിയ മാറ്റം ബാധകമാണ്. വേൾഡ് ട്രേഡ് സെൻറർ, എക്സ്പോ സിറ്റി, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിൽ അടക്കമാണ് വലിയ ഇവൻറുകളും എക്സിബിഷനുകളും അന്താരാഷ്ട്ര പരിപാടികളും അരങ്ങേറുന്ന ദിവസങ്ങളിൽ മിനിമം ചാർജ് 20 ദിർഹമാക്കുക.
അതോടൊപ്പം പുതുവത്സരാഘോഷത്തിൻറെ ഭാഗമായി കരിമരുന്ന് പ്രയോഗം അരങ്ങേറുന്ന വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കും മിനിമം നിരക്ക് 20 ദിർഹമാക്കുമെന്ന് ആർ.ടി.എ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം ആറുമുതൽ പുതുവത്സര ദിനത്തിൽ രാവിലെ ആറു വരെയാണ് നിരക്ക് വർധനവുണ്ടാവുക.
ടാക്സി സേവനങ്ങൾക്ക് ആവശ്യക്കാർ വർധിക്കുന്ന സമയങ്ങളിൽ സേവനം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണം നടപ്പിലാക്കുന്നതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
ദുബൈയിൽ ടാക്സി നിരക്ക് നിർണയിക്കുന്നത് വാഹനത്തിൻറെ ഇനം, യാത്ര പുറപ്പെടുന്ന സ്ഥലം, യാത്രയുടെ ദൂരം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ്. മിനിമം ചാർജ് 12 ദിർഹമാണ്. പിന്നീട് ഓരോ കിലോമീറ്ററും അടിസ്ഥാനമാക്കിയാണ് നിരക്ക് ഈടാക്കുന്നത്. വിമാനത്താവള ടാക്സി, ഹത്ത ടാക്സി എന്നിവക്ക് നിരക്ക് നേരത്തെതന്നെ വ്യത്യസ്തമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)