റോഡിൽ ലൈൻ പാലിച്ചില്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി യുഎഇ പൊലീസ്
അബൂദബി: വാഹനമോടിക്കുമ്പോൾ ലൈൻ അച്ചടക്കം പാലിക്കണമെന്ന് ആവർത്തിച്ച് അബൂദബി പൊലീസ്. വീഴ്ച വരുത്തുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഈ മാസം ആരംഭിച്ച ട്രാഫിക് ഹൈലൈറ്റ്സ് കാമ്പയിനിന്റെ ഒന്നാം എപ്പിസോഡിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്.
ഓവർടേക്കിങ് നിരോധിത മേഖലകൾ, റോഡ് എൻട്രൻസുകൾ, എക്സിറ്റുകൾ മുതലായവ വ്യക്തമാക്കുന്ന ട്രാഫിക് സൈൻ ബോർഡുകൾ, റോഡ് മാർക്കിങ്ങുകൾ എന്നിവ ഡ്രൈവർമാർ നിർബന്ധമായും പാലിച്ചിരിക്കണമെന്ന് അബൂദബി പൊലീസിലെ എൻജിനീയർ മൻസൂർ റാഷിദ് അൽ സൈദി പറഞ്ഞു.
ഇത്തരം മുന്നറിയിപ്പ് ബോർഡുകൾ പാലിക്കുന്നതിലെ വീഴ്ചയാണ് എമിറേറ്റിലെ ഭൂരിഭാഗം അപകടങ്ങൾക്കും കാരണമാവുന്നത്. ഇതിനാലാണ് റോഡ് സുരക്ഷക്ക് നിയമങ്ങൾ പാലിക്കണമെന്ന് ഊന്നിപ്പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ് അബൂദബി പൊലീസിലെ സുരക്ഷാ മീഡിയ വകുപ്പുമായി സഹകരിച്ച് റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് ട്രാഫിക് ഹൈലൈറ്റ്സ് എന്നപേരിൽ ബോധവത്കരണ വിഡിയോകൾ നിർമിക്കുന്നത്.
അപകടകരമായ വിധം ഓവർടേക്കിങ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്റുമാണ് ചുമത്തപ്പെടുക.
ആംബുലൻസുകൾ പോലെയുള്ള അടിയന്തര സേവന വാഹനങ്ങൾക്കായി നീക്കിയിരിക്കുന്ന റോഡിന്റെ അരികിലൂടെ ഓവർടേക്കിങ് നടത്തുന്നതിനെതിരെ അബൂദബി പൊലീസിനു കീഴിലുള്ള ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ ഗുരുതരമായ അപകടങ്ങൾക്കിടവരുത്തിയ നിരവധി ഡ്രൈവർമാരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)