യുഎഇയിൽ ക്യാമ്പിങ് പ്രദേശത്ത് അഭ്യാസ പ്രകടനം നടത്തിയ കാറും ക്വാഡ് ബൈക്കും പിടിച്ചെടുത്തു
യുഎഇയിലെ അൽ റുവയ്യയിലെ സ്ഥലത്ത് അഭ്യാസപ്രകടനം നടത്തിയ കാറും ക്വാഡ് ബൈക്കും ദുബൈ പൊലീസ് പിടിച്ചെടുത്തു. കുടുംബങ്ങൾ ക്യാമ്പ് ചെയ്യുന്ന പ്രദേശമാണിത്. സ്വയമേയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചതിനാണ് വാഹനം പിടിച്ചെടുത്തതെന്ന് പൊലീസ് ട്രാഫിക് വിഭാഗം പ്രസ്താവനയിൽ അറിയിച്ചു. ട്രാഫിക് പൊലീസിന്റെ പട്രോളിങ് വിഭാഗമാണ് അഭ്യാസപ്രകടനം ശ്രദ്ധയിൽപെട്ട ഉടൻ നടപടി സ്വീകരിച്ചത്. വാഹനങ്ങൾ പിടിച്ചെടുത്ത ശേഷം ഡ്രൈവർമാരോട് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിയമനടപടികൾക്കായി എത്തിച്ചേരാൻ ആവശ്യപ്പെടുകയും ചെയ്തു. ജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിച്ചാൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുകിട്ടാൽ 50,000 ദിർഹം അടക്കേണ്ടിവരും. അപകടകരമായ ഡ്രൈവിങ് മൂലമുണ്ടാകുന്ന സംഭവങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനാണ് വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കാറുകളും ക്വാഡ് ബൈക്കുകളും മറ്റും ഓടിക്കുന്നതിന് നിരവധി മാനദണ്ഡങ്ങളുണ്ടെന്നും അപകടകരമായ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു സഹിഷ്ണുതയുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരിയായ രീതിയിലല്ലാത്ത ഡ്രൈവിങ്ങും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യങ്ങളും ശ്രദ്ധയിൽപെട്ടാൽ ദുബൈ പൊലീസ് സ്മാർട്ട് ആപ്പിലെ ‘പൊലീസ് ഐ’ സേവനത്തിലോ 901എന്ന നമ്പറിലോ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)