നിയമലംഘനത്തിന്റെ പേരിൽ 17 വർഷമായി യുഎഇയിൽ; രോഗിയായ പ്രവാസി മലയാളി ഒടുവിൽ നാട്ടിലേക്ക്
യുഎഇയിൽ 17 വർഷമായി നിയമ ലംഘകനായി കഴിഞ്ഞിരുന്ന മലയാളിയെ സാമൂഹിക പ്രവർത്തകർ നാട്ടിലെത്തിച്ചു. പ്രമേഹം, വൃക്ക തകരാർ തുടങ്ങി വിവിധ രോഗങ്ങൾ മൂർഛിച്ചതോടെ 6 മാസമായി ഇയാൾ ഷാർജയിലെ റോളയിൽ അവശനായി കഴിയുകയായിരുന്നു. 47 കാരനായ തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ഒ.വി. സുനിൽകുമാറിനെയാണ് ദുബായ് സർക്കാരിന്റെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും സഹായത്തോടെ നാട്ടിലെത്തിച്ചത്. നിയമലംഘകനായി തുടർന്നതിനുള്ള പിഴ സുനിൽകുമാറിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് യുഎഇ ഒഴിവാക്കിയിരുന്നു. 2005ൽ ദുബായിലെ ഒരു ഇന്ത്യൻ കമ്പനിയിലേക്ക് ഫോർമാനായാണ് ബിരുദധാരിയായ സുനിൽകുമാർ എത്തുന്നത്. 2 വർഷത്തോളം ജോലി ചെയ്തു. അതിനിടെ കമ്പനി ഉടമയുമായുണ്ടായ അഭിപ്രായ വ്യത്യാസം മൂലം ജോലി നിഷേധിക്കുകയും പാസ്പോർട്ട് പിടിച്ചുവയ്ക്കുകയും ചെയ്തതായി സുനിൽകുമാർ പറയുന്നു. രേഖകളില്ലാത്തതിനാൽ മറ്റു ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതിരുന്ന ഇദ്ദേഹം പലയിടങ്ങളിലായി അലഞ്ഞു തിരിഞ്ഞു. 2007ൽ പാസ്പോർട്ട് കാലാവധിയും തീർന്നു. സ്ക്രാപ് ശേഖരിച്ചുവിറ്റ് ഉപജീവനം കണ്ടെത്തുകയായിരുന്നു. സുനിൽകുമാർ ഒളിച്ചോടിയതായി കമ്പനി ഉടമ പരാതി നൽകിയത് വൈകിയാണ് അറിഞ്ഞത്.
പാസ്പോർട്ട് ഇല്ലാത്തതിനാൽ നാട്ടിലേക്കു പോകാനും സാധിച്ചിരുന്നില്ല. വിവരം അറിഞ്ഞ ഐപിഎഫ് അജ്മാൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് രതീഷ് ഇടത്തിട്ട ഇദ്ദേഹത്തിന് ആവശ്യമായ സഹായം നൽകുകയും നാഷനൽ ആംബുലൻസിന്റെ സഹായത്തോടെ ഷാർജ കുവൈത്ത് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തിരുന്നു. സാമൂഹിക പ്രവർത്തകൻ പ്രവീൺ കുമാർ മുഖേന ദുബായ് ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് 2023 ഒക്ടോബറിൽ ഔട്ട്പാസ് ശരിപ്പെടുത്തിയെങ്കിലും ആരോഗ്യനില വഷളായതോടെ യാത്ര ചെയ്യാനായില്ല. അതിനിടെ 72കാരിയായ അമ്മയ്ക്ക് സുനിലിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെ നടപടി വേഗത്തിലാക്കി. ഓവർസ്റ്റേ ഫൈൻ കോൺസുലേറ്റിന്റെ ഇടപെടലിലൂടെ ഒഴിവാക്കി കിട്ടിയത് യാത്രാ തടസ്സം നീക്കി. ഒന്നര മാസത്തെ ആശുപത്രി വാസത്തിനുശേഷം ആരോഗ്യം ഭാഗികമായി വീണ്ടെടുത്ത സുനിൽകുമാറിനെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചു. നോർക്കയുടെ സഹായത്താൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംസാര ശേഷി പൂർണമായി വീണ്ടെടുത്തിട്ടില്ലെങ്കിലും മടക്കയാത്രയ്ക്ക് വഴിയൊരുക്കിയ എല്ലാവർക്കും സുനിൽകുമാർ നന്ദി പറഞ്ഞു. വൊളന്റിയർ കബീർ അഹമ്മദ് ആണ് സുനിലിനെ അനുഗമിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)