ഈന്തപ്പഴ കുരുവിന് പകരം സ്വർണം, പെർഫ്യൂം ബോട്ടിലിലും പാന്റിലും സ്വർണം തേച്ച് പിടിപ്പിച്ചു: ഗൾഫിൽ നിന്നെത്തിയ രണ്ടുപേർ പിടിയിൽ
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച 39.5 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ കസ്റ്റംസ് പിടിയിൽ. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ മസ്‌കറ്റിൽ നിന്നെത്തിയ ഓമശ്ശേരി സ്വദേശി ഷറഫുദീൻ(35), ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെത്തിയ കുമ്പള സ്വദേശി അബ്ദുൽ ലത്തീഫ് (31) ആണ് പിടിയിലായത്. ഈന്തപ്പഴത്തിന്റെ കുരുവിനു പകരം സ്വർണം കഷണങ്ങളാക്കിയും ധരിച്ചെത്തിയ പാന്റ്സിനുള്ളിൽ സ്വർണം പൊടിച്ച് തേച്ചുപിടിപ്പിച്ചും പെർഫ്യൂം ബോട്ടിലുകളിൽ ലായനി രൂപത്തിൽ അരച്ചു ചേർത്തും സ്വർണം കടത്താനുള്ള നീക്കമാണ് കസ്റ്റംസ് പൊളിച്ചത്.ഷറഫുദ്ദീൻ ആണ് പാന്റ്സിലും ഈന്തപ്പഴത്തിലും സ്വർണം കടത്തിയതിനു പിടിയിലായത്. ചോക്ലേറ്റ് എന്നു തോന്നുംവിധം പൊതിഞ്ഞ ഈന്തപ്പഴത്തിന്റെ ‘കുരു’വിനു പകരമായിരുന്നു സ്വർണം. ചെറിയ 20 കഷണങ്ങൾ കണ്ടെടുത്തു. ഇത്തരത്തിൽ 9 ലക്ഷം രൂപയുടെ 141 ഗ്രാം സ്വർണമാണു പിടികൂടിയത്. 1.192 കിലോഗ്രാം പാന്റ്സിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തപ്പോൾ 24 കാരറ്റിന്റെ 402 ഗ്രാം സ്വർണം ലഭിച്ചു. ഇതിന് 25 ലക്ഷം രൂപ വില കണക്കാക്കുന്നു.അബ്ദുൽ ലത്തീഫ് ആണ് പെർഫ്യൂം ബോട്ടിലുകളുമായി പിടിയിലായത്. 6 പെർഫ്യൂം കുപ്പികൾക്കുള്ളിൽ ലായനി രൂപത്തിലാക്കിയാണു സ്വർണം കടത്താൻ ശ്രമിച്ചത്. വേർതിരിച്ചെടുത്തപ്പോൾ 5.5 ലക്ഷം രൂപയുടെ 83 ഗ്രാം സ്വർണം ലഭിച്ചതായി കസ്റ്റംസ് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)