Posted By user Posted On

യുഎഇയില്‍ സന്ദര്‍ശകരായി എത്തുന്ന ഈ മേഖലയില്‍ ഉള്ളവര്‍ക്ക് മൂന്നൂമാസം ജോലിക്ക് അനുമതി നല്‍കി അധികൃതര്‍

സന്ദര്‍ശകരായി എത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നുമാസം ജോലിക്ക് അനുമതി നല്‍കി അധികൃതര്‍. ദുബായില്‍ സന്ദര്‍ശകരായി എത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നുമാസം പ്രാക്ടീസ് ചെയ്യാനുള്ള ഹൃസ്വകാല അനുമതി നല്‍കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ പുരോഗമിക്കുന്ന ‘അറബ് ഹെല്‍ത്ത് കോണ്‍ഗ്രസി’ലാണ് ഇക്കാര്യം അധികൃതര്‍ വെളിപ്പെടുത്തിയത്. അടിയന്തരഘട്ടങ്ങളും അത്യാഹിതങ്ങളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിന് പ്രദേശിക ആരോഗ്യ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമായിരിക്കാന്‍ വേണ്ടിയാണ് സംവിധാനം ലക്ഷ്യമിടുന്നത്. എമിറേറ്റിലെ ആരോഗ്യ സേവന സംവിധാനങ്ങളില്‍ മെഡിക്കല്‍ പ്രഫഷനലുകളുടെ സാന്നിധ്യം ആവശ്യത്തിന് ഉറപ്പുവരുത്താനും പദ്ധതി ഉപകരിക്കും. താല്‍ക്കാലികമായി അനുവദിക്കുന്ന പെര്‍മിറ്റ് തൊഴില്‍ തേടുന്നവര്‍ക്കും ആശുപത്രികള്‍ക്കും വലിയ രീതിയില്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രഫഷനല്‍ യോഗ്യതയുള്ള പ്രവാസികള്‍ക്ക് ദുബായില്‍ താല്‍ക്കാലിക ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചാല്‍ ഭാവിയില്‍ തൊഴില്‍ അന്വേഷിക്കുന്നതിനും ഉപകാരപ്പെടും.

എന്നാല്‍, താല്‍ക്കാലിക പെര്‍മിറ്റ് നേടുന്നതിലൂടെ പിന്നീട് സ്ഥിരം പ്രഫഷനല്‍ ലൈസന്‍സ് ലഭിക്കുമെന്ന് ഉറപ്പിക്കാനാവില്ലെന്ന് ഡി.എച്ച്.എയുടെ ഹെല്‍ത്ത് റെഗുലേഷന്‍ വിഭാഗം സി.ഇ.ഒ ഡോ. മര്‍വാന്‍ അല്‍ മുല്ല പറഞ്ഞു. ഒരു പ്രത്യേക ഫീല്‍ഡില്‍ പ്രഫഷണല്‍ ലൈസന്‍സ് നേടുന്നത് ഏകീകൃത പ്രഫഷണല്‍ യോഗ്യതാ ഗൈഡില്‍ വിവരിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് നിശ്ചിത ഫീസടച്ചാല്‍ ഡി.എച്ച്.എയുടെ വിലയിരുത്തലിനുശേഷം പെര്‍മിറ്റ് ലഭിക്കും. താല്‍ക്കാലികമായി ലഭിക്കുന്ന പെര്‍മിറ്റ് പുതുക്കാനോ കൈമാറാനോ അനുവാദമുണ്ടാകില്ല. പെര്‍മിറ്റിന്റെ കാലയളവ് ആരോഗ്യ സ്ഥാപനത്തിന് നിശ്ചയിക്കാം. എന്നാല്‍, മൂന്നു മാസത്തില്‍ കൂടുതല്‍ ഈ അനുമതി ഉപയോഗിച്ച് ജോലിയില്‍ തുടരാനാവില്ലെന്നും വെബ്‌സൈറ്റില്‍ പറയുന്നു. നഴ്‌സുമാര്‍ക്കും പ്രസവശുശ്രൂഷകര്‍ക്കും 1000 ദിര്‍ഹമും ഡോക്ടര്‍മാര്‍ക്ക് 3000 ദിര്‍ഹമുമാണ് പെര്‍മിറ്റിന് ആവശ്യമായത്. പാസ്‌പോര്‍ട്ട് കോപ്പി, എമിറേറ്റ്‌സ് ഐ.ഡി (ഒപ്ഷനല്‍), ഫോട്ടോ, ബിരുദ സര്‍ട്ടിഫിക്കറ്റ്, സ്വന്തം രാജ്യത്തെ പ്രഫഷനല്‍ ലൈസന്‍സ് (താമസക്കാര്‍ക്കും ഇന്റേണ്‍സിനും ലൈസന്‍സ് പകര്‍പ്പ് സമര്‍പ്പിക്കേണ്ടതില്ല), സി.വി കോപ്പി തുടങ്ങിയവയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമെന്ന് ഡി.എച്ച്.എ വെബ്‌സൈറ്റില്‍ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *