യുഎഇയില്‍ കൊടുംതണുപ്പ്; 3.4 ഡിഗ്രി രേഖപ്പെടുത്തി, ഈ വര്‍ഷത്തെ ഏറ്റവും കൂടിയ തണുപ്പ്
യുഎഇയില്‍ കൊടുംതണുപ്പ്. ഈ വര്‍ഷത്തെ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി. റാസല്‍ഖൈമയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ജെയ്സില്‍ ഞായറാഴ്ച രാവിലെ 3.4 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ അഞ്ചോടെ ജബല്‍ ജെയ്സില്‍ 4.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇത് വീണ്ടും കുറഞ്ഞാണ് ഈ വര്‍ഷത്തെ രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പ് ഞായറാഴ്ച രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും താപനില കുറഞ്ഞതായാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച ജബല്‍ മബ്രിഹില് 5.9 ഡിഗ്രിയും ജബല്‍ അല്‍ റഹ്ബയില്‍ 6.2 ഡിഗ്രിയും റക്നല് 6.7 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയത്. ജബല്‍ ജൈസ് കഴിഞ്ഞാല്‍ ഇവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും തണുപ്പുള്ളത്. അതേസമയം ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് ഫുജൈറയിലാണ്. 25.3 ഡിഗ്രിയാണ് ഫുജൈറ ദദ്നയിലെ താപനില. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ അടക്കം എല്ലാ എമിറേറ്റുകളിലും തണുപ്പേറിയിട്ടുണ്ട്. നേരത്തെ ജനുവരി ആദ്യത്തില്‍ അല്‍ഐനിലെ റക്നയില്‍ 5.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു.
ഈ സീസണിലെ തണുപ്പുകാലം ഡിസംബര്‍ 21 മുതല്‍ ആരംഭിച്ചതായാണ് വിദഗ്ധര്‍ വിശദീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് ശക്തമല്ലെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഡിസംബറിലെ ശരാശരി താപനില മുന്‍വര്‍ഷത്തെ ഡിസംബറിലേതിനേക്കാള്‍ കൂടുതലാണ്. തണുപ്പ് ശക്തമായതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പിങ് നടത്തുന്നവരുടെയും സന്ദര്‍ശിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെ സ്വാഗതംചെയ്തുകൊണ്ട് നാലാമത് ശൈത്യകാല കാമ്പയിന് തുടക്കമായിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച മുതല്‍ രാജ്യത്ത് പലഭാഗത്തും മഴ ലഭിക്കുന്നുണ്ട്. അതോടൊപ്പം മിക്ക പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷമാണ് നിലവിലുള്ളത്. തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)