യുഎഇയിൽ ജോലിക്കൊപ്പം അധികവരുമാനം വേണോ? നിയമപരമായുളള 8 വഴികൾ ഇതാ, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ജോലിക്കൊപ്പം അധിക വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, അങ്ങനെയെങ്കിൽ നിയമപരമായി അധികവരുമാനം നേടാൻ നിരവധി സാധ്യതകൾ യുഎഇയിലുണ്ട്. വ്യക്തിപരമായ താൽപര്യങ്ങളും ജോലി മികവുമുപയോഗിച്ച് മികച്ച വരുമാനം നേടാം. അതേസമയം തന്നെ നിയമപരമായ സാധ്യതയും ഉറപ്പാക്കണമെന്നുമാത്രം. ഉദാഹരണത്തിന് ഫ്രീലാൻസായി വിവിധ മേഖലകളിൽ ജോലി ചെയ്യാമെങ്കിലും ഫ്രീലാൻസ് പെർമിറ്റ് എടുക്കേണ്ടത് ആവശ്യമാണ്. നിയമപരമായി അധികവരുമാനം കണ്ടെത്താനുളള 8 വഴികൾ ഇതാ:
- ട്യൂഷൻ ക്ലാസുകൾ എടുക്കാം
അധ്യാപനം പാഷനാണോ? വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ജോലിയ്ക്ക് പോകാൻ കഴിയാത്ത സാഹചര്യമാണോ? എങ്കിൽ ട്യൂഷൻ ക്ലാസുകളെടുത്ത് വരുമാനമുണ്ടാക്കാം. സ്വകാര്യ ട്യൂഷൻ ക്ലാസുകളെടുക്കാൻ യുഎഇ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിനായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ പെർമിറ്റ് എടുക്കണമെന്ന് മാത്രം. വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്, വിദ്യാർഥിയായാലും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരായാലും നിലവിൽ തൊഴിൽ രഹിതരായാലും പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ് ലഭിക്കും. - അവധിയിലാണോ, വീട് വാടകയ്ക്ക് നല്കാം
അവധിക്കാലയാത്രയിലാണ് നിങ്ങളെങ്കിൽ ഹോളിഡേ ഹോമുകളിലൂടെ വരുമാനം നേടാം. ദുബായിൽ, വീട്ടുടമകൾക്കും വാടകക്കാർക്കും അവരുടെ വീട് ‘ഹോളിഡേ ഹോം’ ആയി രജിസ്റ്റർ ചെയ്യാം. ഹ്രസ്വകാല വാടക വീടുകൾക്കായുളള വെബ്സൈറ്റുകളിൽ ലിസ്റ്റ് ചെയ്ത് അനുയോജ്യരായ വാടകക്കാരെ തിരയാം. ദുബായ് ഇക്കണോമി ആൻഡ് ടൂറിസത്തിൽ നിന്നുളള പെർമിറ്റും വാടക വീടാണെങ്കിൽ ഉടമയുടെ എൻഒസിയും ആവശ്യമാണ്. റാസൽഖൈമയുടെ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും വീടുകൾ ഒരു ഹോളിഡേ ഹോം ആക്കാനുളള അനുമതി നൽകിയിട്ടുണ്ട്. അതോറിറ്റിയുടെ അനുമതി വേണമെന്നുളളത് നിർബന്ധമാണ്. - കീഴ് വാടകയ്ക്ക് നൽകാം
ഭൂവുടമകളും വാടകക്കാരും തമ്മിലുള്ള കരാർ നിർവ്വചിക്കുന്ന ദുബായ് ടെനൻറ് നിയമം (2008 ലെ നിയമം 33, 2007 ലെ നിയമം 26 ൽ ഭേദഗതി വരുത്തിയത്) അനുശാസിക്കുന്ന രീതിയിൽ വാടകയ്ക്ക് എടുത്ത വീട് കീഴ് വാടകയ്ക്ക് നല്കാം. എന്നാൽ പാട്ടക്കാരന്റെ അനുമതിയില്ലാതെ വസ്തുവിലോ നിർമാണത്തിലോ മാറ്റങ്ങളൊന്നും വരുത്തരുത്. കീഴ് വാടകയ്ക്ക് നൽകുന്നത് ദുബായ് ടെനൻറ് നിയമപ്രകാരമായിരിക്കണമെന്നുളളതാണ് പ്രധാനം. - ഉപയോഗിച്ച സാധനങ്ങൾ വിൽക്കാൻ ഫ്ലീ മാർക്കറ്റുകൾ
ഇഷ്ടപ്പെട്ടുവാങ്ങിച്ച സാധനങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നില്ലെങ്കിൽ അത് വിൽക്കാൻ ആഗ്രഹിക്കുന്നവർക്കുളള ഇടമാണ് ദുബായിലെയും അബുദബിയിലെയും ഫ്ലീ മാർക്കറ്റുകൾ. വീട്ടുപകരണങ്ങൾ, ചെറിയ ഫർണിച്ചറുകൾ, തുണിത്തരങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങി പുസ്തകങ്ങൾ, ഡിവിഡികൾ, വസ്ത്രങ്ങൾ, പുരാതന വസ്തുക്കൾ എന്നിവയെല്ലാം വിൽക്കാനാകും. ഇതിലൂടെ ചെറിയ വരുമാനം കണ്ടെത്താം. വെബ്സൈറ്റിലൂടെ സ്റ്റാളുകളും സൗകര്യങ്ങളും ബുക്ക് ചെയ്യാം. - ഫ്രീലാൻസറാകാം
കഴിവുളള മേഖലയിൽ ഫ്രീലാൻസറായി പ്രവർത്തിക്കാനാകും. ഫ്രീലാൻസ് പെർമിറ്റ് വർഷത്തിൽ 350 ദിർഹം മുതൽ ലഭ്യമാണ്. ഡേറ്റാ എൻട്രി, ലോഗോ ഡിസൈനിംഗ്, വിവർത്തനം, വീഡിയോ കണ്ടൻറുകൾ, എഡിറ്റിംഗ് എന്നിവയെല്ലാം ഫ്രീലാൻസായി ചെയ്യാം. അതത് എമിറേറ്റിലെ സാമ്പത്തിക വിഭാഗത്തിലോ ഫ്രീസോണിലോ ഫ്രീലാൻസ് ലൈസൻസിനായി അപേക്ഷിക്കാം. - പാർട് ടൈം ജോലി
പാർടൈം വർക്ക് പെർമിറ്റ് നേടി ജോലി ചെയ്യാവുന്നതാണ്. എന്നാൽ പാർട് ടൈം ജോലി സമയം ആഴ്ചയിൽ 20 മണിക്കൂറിൽ അധികമാകരുത്. മാനവവിഭവശേഷി സ്വദേശി വൽക്കരണ മന്ത്രാലയം മുഖേന പെർമിറ്റിന് അപേക്ഷ നൽകാം. തൊഴിൽ ദാതാവിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല. അതുകൊണ്ടുതന്നെ ഒഴിവുസമയം കണ്ടെത്തി പാർടൈം ജോലികൾ തേടാനും അധികവരുമാനം കണ്ടെത്താനും സാധിക്കും. - വിദ്യാർഥിയാണെങ്കിലും ജോലി ചെയ്യാം
15 വയസ്സിന് മുകളിൽ ഉളള വിദ്യാർഥിയാണെങ്കിൽ മാനവവിഭവശേഷി സ്വദേശി വൽക്കരണ മന്ത്രാലയം മുഖേന ജൂവനൈൽ വർക്ക് പെർമിറ്റ് എടുത്ത് അനുയോജ്യമായ ജോലി ചെയ്യാം. - ടൂർ ഗൈഡ്
ദുബായിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ കുറിച്ചുളള അറിവ് നിങ്ങൾക്കുണ്ടെങ്കിൽ, ദുബായിലെത്തുന്നവർക്കൊപ്പം അതെല്ലാം ആസ്വദിക്കാൻ തയാറാണെങ്കിൽ അതുവഴി അധിക വരുമാനമുണ്ടാക്കാനും സാധിക്കും. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിൽ നിന്ന് ടൂർ ഗെഡ് ലൈസൻസിന് അപേക്ഷിക്കാം. പ്രഫഷനൽ ടൂർ ഗൈഡ് എങ്ങനെയാകണമെന്നതിനെ കുറിച്ച് പരിശീലനം നേടാനും ഇത് സഹായകരമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)