Posted By user Posted On

180 ദിവസം തുടർച്ചയായി യുഎഇയിൽ‌ തങ്ങാം, അപേക്ഷിക്കാൻ എളുപ്പം; മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയെ കുറിച്ച് അറിയേണ്ടതെല്ലാം

യുഎഇയിൽ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ അപേക്ഷകരുടെ എണ്ണം വർധിച്ചു. പ്രധാനമായും വ്യവസായികളാണ് ഈ വീസ ഉപയോഗപ്പെടുത്തുന്നത് എങ്കിലും നാട്ടിൽ തനിച്ചു കഴിയുന്ന പ്രായമായ മാതാപിതാക്കളെയും കുടുംബത്തെയും വിദേശത്തു പഠിക്കുന്ന മക്കളെയും ഇടയ്ക്കിടെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഈ വീസ ഉപയോഗിക്കുന്നവർ ഉണ്ടെന്ന് ടൂറിസം ട്രാവൽ ഏജൻസി പറ​ഞ്ഞു.മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയിൽ എത്തിയാൽ തുടർച്ചയായി 90 ദിവസം താമസിക്കാം. ഇതു 90 ദിവസത്തേക്കു കൂടി നീട്ടിയെടുക്കാം. ഒരു തവണ എത്തിയാൽ തുടർച്ചയായി 180 ദിവസത്തിലധികം യുഎഇയിൽ തങ്ങാനാവില്ല. അതിനാൽ മറ്റേതെങ്കിലും രാജ്യത്തു പോയി തിരിച്ചെത്തിയാൽ വീണ്ടും ഇത്രയും കാലം താമസിക്കാം.

താമസ വീസയിൽ കുടുംബത്തെയും മാതാപിതാക്കളെയും നിലനിർത്താൻ വീസ, എമിറേറ്റ്സ് ഐഡി, മെഡിക്കൽ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ കടമ്പകളുണ്ട്. കൂടാതെ രാജ്യത്തിനു പുറത്ത് 6 മാസത്തിൽ കൂടുതൽ കാലം നിന്നാൽ വീസ റദ്ദാകും. എന്നാൽ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയ്ക്ക് ഈ നിബന്ധനകളില്ല.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി), ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) വെബ്സൈറ്റുകളിൽ നേരിട്ട് അപേക്ഷിക്കാം. നിലവിൽ യുഎഇയിൽ ഉള്ളവർക്കാണെങ്കിൽ ആമർ സെന്ററിലോ അംഗീകൃത ടൈപ്പിങ് സെന്റർ മുഖേനയോ അപേക്ഷിക്കണം.

5 വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയ്ക്ക് 650 ദിർഹമാണ് ഫീസ്. അപേക്ഷിച്ചാൽ 10 ദിവസത്തിനകം ലഭിക്കും. ട്രാവൽ, ടൂറിസം ഏജൻസി മുഖേന അപേക്ഷിച്ചാൽ സർവീസ് ചാർജ് ഉൾപ്പെടെയുള്ള നിരക്ക് ഈടാക്കും.

കുറഞ്ഞത് 6 മാസ കാലാവധിയുള്ള പാസ്പോർട്ട്, വെള്ള പ്രതലത്തിലുള്ള കളർ ഫോട്ടോ, ഹെൽത്ത് ഇൻഷുറൻസ്, 4000 ഡോളർ ബാലൻസ് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം എന്നിവയാണ് നൽകേണ്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *