തണുപ്പകറ്റാൻ മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി, ഗൾഫിൽ പ്രവാസിക്ക് പുകശ്വസിച്ച് ദാരുണാന്ത്യം
സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ പുകശ്വസിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവിെൻറ (38) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലക്‌നൗവിലെത്തിച്ചത്.അവിടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അൽഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ബോബി ദേവിയാണ് ഭാര്യ. മൂന്ന് മക്കൾ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)