കട്ടപ്പന ഇരട്ടക്കൊലയിൽ നടുങ്ങി നാട്: ആഭിചാര ക്രിയ നടന്നെന്ന് സംശയം;വീടിന്റെ തറപൊളിച്ച് പരിശോധന
മോഷണത്തിന് പിടികൂടിയ പ്രതികൾ മുമ്പ് ഇരട്ടക്കൊലപാതകം നടത്തിയിരുന്നുവെന്ന് കണ്ടെത്തുന്നത് പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിൽ. നവജാതശിശുവിനെയും പ്രായമായ ആളെയും കൊലപ്പെടുത്തിയെന്ന് പ്രതികളിലൊരാളായ പുത്തൻപുരയ്ക്കൽ നിതീഷാണ് (രാജേഷ്-31) കുറ്റസമ്മതം നടത്തിയത്. മറ്റൊരു പ്രതിയായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു(29)വിന്റെ അച്ഛൻ വിജയനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് ഇവർ കൊലപ്പെടുത്തിയത്. ആഭിചാരക്കൊലപാതകമാണെന്നും പോലീസ് കരുതുന്നു.പ്രതിയായ വിഷ്ണുവിന്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ, അയാളുടെ സഹോദരിയോട് അച്ഛനെവിടെയെന്ന് ചോദിച്ചിരുന്നു. ഇതിന്, കൃത്യമായ ഉത്തരം ലഭിച്ചില്ല. തുടർന്ന് പ്രതികളെ ചോദ്യംചെയ്തപ്പോഴും മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. പോലീസ് രഹസ്യാന്വേഷണവിഭാഗം ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. വിജയനെ കഴിഞ്ഞ ഓണംമുതൽ കാണാതായെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കളിൽ ചിലർ പറഞ്ഞു.കട്ടപ്പന സി.ഐ. എൻ. സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.എട്ടുമാസം മുൻപാണ് പ്രതികൾ കാഞ്ചിയാറിലെ വീട് വാടകയ്ക്ക് എടുത്തത്. ഈ വീട്ടിലെത്തി ഒരുമാസത്തിനുശേഷമാണ് വിജയൻ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. ദൃശ്യം സിനിമയിലെ രീതിയിൽ വീടിന്റെ തറ മാന്തി മൃതദേഹം മറവുചെയ്ത് കോൺക്രീറ്റ് ഉപയോഗിച്ച് മൂടിയെന്നാണ് നിഗമനം.പുതുതായി കോൺക്രീറ്റ് ചെയ്തതിന്റെ ലക്ഷണങ്ങൾ വീട്ടുടമ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതി വിഷ്ണു, അമ്മയും സഹോദരിയും പരസ്പരം കാണാതിരിക്കാൻ വീട്ടിലെ രണ്ട് മുറികളിലായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവർക്ക് പുറത്തുനിന്നാണ് ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത്. പൂജാപുസ്തകങ്ങളും പാഴ്സലായി ഭക്ഷണം വാങ്ങിയതിന്റെ അവശിഷ്ടങ്ങളും വീട്ടിൽ കൂടിയിട്ട നിലയിലായിരുന്നു. വീട്ടിൽ ആരാണുള്ളതെന്നോ എത്രപേരുണ്ടെന്നോ അയൽവാസികൾക്കും അറിയില്ലായിരുന്നു. പകൽ ആരെയും പരിസരത്ത് കാണാറില്ല. രാത്രിയിൽ ആളുകൾ വരുമായിരുന്നെന്നും പ്രദേശവാസികൾ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)