ഇക്കാര്യം അറിയാതെ പോകരുത്; പ്രവാസികൾക്ക് എളുപ്പത്തിൽ ലോണുകൾ നൽകുന്ന യുഎഇയിലെ ബാങ്കുകൾ ഇതാ; മാനദണ്ഡങ്ങളറിയാം
യുഎഇയിലെ ബാങ്കുകളിൽ നിന്ന് ലോണെടുത്ത് നാട്ടിലെ ആവശ്യങ്ങൾക്ക് പണം അയക്കുന്ന പ്രവാസികൾ ധാരാളമുണ്ട്.ഇത് കൂടാതെ തന്നെ വിവിധ തരത്തിലുളള ആവശ്യങ്ങൾക്കായി ലോണുകൾ എടുക്കുന്നവരുമുണ്ട്. വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ലോണുകൾ മുതൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് എടുക്കാൻ കഴിയുന്ന തരത്തിലുളള ബാങ്ക് ലോണുകളുകൾ വരെയുണ്ട്. പണത്തിന് പെട്ടെന്ന് ആവശ്യം വരികയാണെങ്കിൽ ഉപകാരപ്രദമാകുന്ന ദ്രുത ഓൺലൈൻ ലോൺ ഓപ്ഷനുകളും പലബാങ്കുകളും മുന്നോട്ട് വയ്ക്കുന്നു. യുഎഇ കേന്ദ്രബാങ്ക് നിർദ്ദേശമനുസരിച്ച് ശമ്പളവും സേവന ഗ്രാറ്റുവിറ്റിയും ഉളള വ്യക്തിക്ക് ലോണിന് അപേക്ഷിക്കാം. അതല്ലെങ്കിൽ സ്ഥിരവരുമാന സ്രോതസ്സുളളവർക്കും ലോണിനായി അപേക്ഷ നൽകാം. നാടിനെ അപേക്ഷിച്ച് നടപടിക്രമങ്ങൾ എളുപ്പമാണെന്നുളളതാണ് ഇവിടെ നിന്ന് ലോണെടുക്കാൻ പ്രവാസികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.ലോണിനായി അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങളെന്തൊക്കെയാണ്, അറിയാം.
∙ ലോണിന് അപേക്ഷിക്കേണ്ട പ്രായപരിധി
യുഎഇയിൽ വ്യക്തിഗത ലോണിന് അപേക്ഷിക്കാനുളള കുറഞ്ഞ പ്രായപരിധി 21 വയസ്സാണ്. പരമാവധി പ്രായം 60-65 വയസ്സും. എന്നാൽ ചില ബാങ്കുകളിൽ നിബന്ധനകൾക്ക് വിധേയമായി 18 വയസ്സുളളവർക്കും ലോണുകൾ നൽകാറുണ്ട്.
കുറഞ്ഞത് 5000 ദിർഹത്തിനും 8000 ദിർഹത്തിനും ഇടയിൽ വരുമാനമുണ്ടായിരിക്കണമെന്നതാണ് അടിസ്ഥാന വ്യവസ്ഥ. സ്ഥിരവരുമാനമുളള ജോലിയിൽ ആറ് മാസത്തിൽ കൂടുതൽ പ്രവർത്തനപരിചയം, ശമ്പള ബാങ്ക് ട്രാൻസ്ഫർ തെളിയിക്കുന്നതിനുളള രേഖകളും ആവശ്യമാണ്. ലോണെടുക്കുന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്കോറും ബാങ്ക് വിലയിരുത്തും. അതായത് വേറെ സജീവമായ ബാങ്ക് ലോണുകൾ ഉണ്ടോയെന്നതുൾപ്പടെയുളള കാര്യങ്ങൾ ബാങ്ക് പരിശോധിക്കും. നല്ല ക്രെഡിറ്റ് സ്കോർ ലഭിക്കുകയെന്നതിനർത്ഥം ലോൺ തിരിച്ചടയ്ക്കാൻ വ്യക്തി പ്രാപ്തനാണ് എന്നുളളതാണ്.
ബാങ്കുകൾ ലോണുകളും ക്രെഡിറ്റ് കാർഡും നൽകുന്നതിന് മുൻപ് ക്രെഡിറ്റ് സ്കോർ പരിശോധിക്കും. Photo Credit: istockphoto/alexsl
∙ എന്താണ് ക്രെഡിറ്റ് സ്കോർ
വ്യക്തി പണം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച സാമ്പത്തിക റിപ്പോർട്ട് കാർഡാണ് ക്രെഡിറ്റ് സ്കോർ. ബാങ്കുകൾ ലോണുകളും ക്രെഡിറ്റ് കാർഡും നൽകുന്നതിന് മുൻപ് ക്രെഡിറ്റ് സ്കോർ പരിശോധിക്കും.യുഎഇയിൽ, അൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (എഇസിബി) ആണ് ക്രെഡിറ്റ് സ്കോറുകൾ കണക്കാക്കുന്നത്. എഇസിബി വെബ്സൈറ്റ് പരിശോധിച്ചാൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുളള ക്രെഡിറ്റ് സ്കോർ മനസിലാക്കാം.
∙ രേഖകൾ
1) എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്
2) പാസ്പോർട്ടും വീസാ കോപ്പിയും
3) ബാങ്ക് ആവശ്യപ്പെടുന്നത് അനുസരിച്ച് 3 മുതൽ 6 മാസം വരെയുളള ബാങ്ക് സ്റ്റേറ്റ് മെൻറ്
4)ശമ്പള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്
∙ വ്യവസ്ഥകൾ
യുഎഇ കേന്ദ്രബാങ്ക് വ്യവസ്ഥ അനുസരിച്ച് വ്യക്തിഗത ലോണെടുക്കുന്ന വ്യക്തിയുടെ ശമ്പളത്തിന് 20 മടങ്ങ് വരെ ലോണായി ലഭിക്കും. ഇക്കാര്യം ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉറപ്പുവരുത്തും. ലോണെടുക്കുന്ന വ്യക്തിക്ക് 48 മാസത്തിനകം ലോൺ തുക തിരിച്ചടയ്ക്കാൻ സാധിക്കണം. അതുതന്നെ ശമ്പളത്തിൻറെ പകുതി ലോൺ അടവിലേക്ക് വരാത്ത വിധമായിരിക്കണം തിരിച്ചടവ്.
ചില ബാങ്കുകൾ 50 ലക്ഷം ദിർഹം വരെ ലോണായി നൽകുന്നുണ്ട്. ബാങ്കിൻറെ പോളിസിക്ക് അനുസരിച്ചും ഉപഭോക്താവിൻറെ സാമ്പത്തിക സ്ഥിതിയനുസരിച്ചും മറ്റ് നിബന്ധനകൾക്ക് വിധേയമായുമാണ് ഇത്തരം ലോണുകൾ നല്കുന്നത്. വിരമിക്കൽ പ്രായം കഴിഞ്ഞും ലോൺ തിരിച്ചടവ് നീളുകയാണെങ്കിൽ അതിന് അനുസൃതമായി തിരിച്ചടവ് ക്രമീകരിക്കണം. അപ്പോഴും തിരിച്ചടവിലേക്ക് വ്യക്തിയുടെ ശമ്പളത്തിൻറെ 30 ശതമാനമെന്ന രീതിയിൽ മാത്രമെ ലോൺ അനുവദിക്കുകയുളളൂ.
ഉപഭോക്താവിൽ നിന്ന് ലോൺ തുകയുടെ 120 ശതമാനത്തിൽ അധികമായുളള പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ ബാങ്കുകൾ വാങ്ങാൻ പാടില്ല. ലോണുകൾക്കുളള തിരിച്ചടവ് കണക്കാക്കി വാർഷികാടിസ്ഥാനത്തിൽ വരുന്ന പലിശനിരക്ക് തുക സംബന്ധിച്ച് ഉപഭോക്താവിന് വ്യക്തത വരുത്തണം. ലോണുകൾ എടുക്കുമ്പോൾ തന്നെ തിരിച്ചടയ്ക്കാൻ കഴിയുമോയെന്നുളള ആത്മപരിശോധനയാണ് ഓരോരുത്തരും നടത്തേണ്ടത്. ദ്രുതഗതിയിൽ ലഭ്യമാകുന്ന ഓൺലൈൻ ലോണുകൾക്ക് പൊതുവെ പലിശനിരക്കും കൂടുതലായിരിക്കും. ലോൺ എടുത്തതിന് ശേഷം തിരിച്ചടയ്ക്കാൻ കഴിയാതെ പ്രയാസപ്പെടുന്നതിനേക്കാൾ ബാങ്കുകളുടെ വ്യവസ്ഥകളും പലിശനിരക്കുമെല്ലാം മനസിലാക്കി തീരുമാനമെടുക്കുന്നതായിരിക്കും ഉചിതം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)