ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ്; നഷ്ടമായത് നാല് ലക്ഷം രൂപ, കടക്കാരുടെ ഭീഷണി നേരിട്ട് തട്ടിപ്പിനിരയായവർ
ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്കി തട്ടിപ്പ്. ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് വിവിധ ആളുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. തട്ടിപ്പിനു പിന്നാലെ പണം തിരികെ നല്‍കുമെന്ന് കാണിച്ച് ഏജന്റുമാര്‍ ധാരണാപത്രം ഒപ്പിട്ട് നല്‍കിയെങ്കിലും വയനാട് പനമരം സ്വദേശികള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പണം തിരികെ കിട്ടിയിട്ടില്ല. ജീവിതം പച്ചപ്പിടിപ്പിക്കാനാണ് താഴയില്‍ സെഫീറും കൂട്ടുകാരും ഖത്തറില്‍ ജോലിയെന്ന മോഹവാഗ്ദാനത്തിനു പിന്നാലെ കൈയ്യിലുള്ളതെല്ലാം വിറ്റുപറക്കി ഇറങ്ങിയത്. അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് നാല് ലക്ഷത്തി മുപ്പതിനായിരം രൂപ ഖത്തര്‍ വിസയ്ക്കായി നല്കി. കൂട്ടത്തില്‍ ഒരാള്‍ക്ക് കിട്ടിയത് വ്യാജ വിസയാണെന്ന് അറിഞ്ഞപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പരാതിയുമായി ചെന്നപ്പോള്‍ തുക തിരികെ നല്‍കാം എന്ന് ധാരണാപത്രം ഒപ്പിട്ട് നല്കി. ഇപ്പോള്‍ പണത്തിനായി വിളിച്ചാല്‍ ഭീഷണിയാണ് മറുപടി. പണയം വെച്ചും കടമെടുത്തും വിദേശത്തേക്ക് പോകാന്‍ പണം കണ്ടെത്തിയ ഒരു കൂട്ടം ആളുകള്‍ തട്ടിപ്പിനിരയായതോടെ കടക്കാരുടെ ഭീഷണിയും നേരിടേണ്ട അവസ്ഥയാണ്. പൊലീസിന് പരാതി നല്കി ധാരണപ്രകാരം ബാക്കി തുക തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഈ കൂട്ടര്. കൂടെയുള്ള ആളുടെ ബന്ധുവായ സീന എന്ന യുവതിയാണ് വിസ ഉള്‍പ്പടെയുള്ളവ ശരിയാക്കാം എന്ന് വിശ്വസിപ്പിച്ച് ഇടനിലക്കാരിയായത്. ഖത്തറില്‍ ജോലിചെയുന്ന അബു റാഫിയാണ് ഏജന്റ്. ലക്ഷ്മി, വിഷ്ണു, ഷെരീഫ് തുടങ്ങി തട്ടിപ്പുസംഘത്തിലെ ഇടനിലക്കാര്‍ നിരവധി. സംസ്ഥാനത്തിന്റെ മറ്റ് പലയിടങ്ങളിലും ഇതേ സംഘം തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് തട്ടിപ്പിനരയായവര്‍ പറയുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)