ഇസ്രായേലിന് തിരിച്ചടി; ഡ്രോണുകളും മിസൈലുകളും അയച്ച് ഇറാൻ
ഇസ്രായേലിന് തിരിച്ചടിയായോ മിസൈൽ ആക്രമണം നടത്തി ഇറാൻ. നിരവധി ഡ്രോണുകളും മിസൈലുകളുമാണ് അയച്ചത്. തെൽ അവീവ്, ജറൂസലം ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകളും സ്ഫോടന ശബ്ദങ്ങളും ഉണ്ടായതായാണ് റിപ്പോർട്ട്. പല ഡ്രോണുകളും മിസൈലുകളും ഇസ്രായേലും അമേരിക്കയും ജോർദാനും ചേർന്ന് തകർത്തു. ഇസ്രായേലിന് നേരെ ഇറാൻ തൊടുത്ത ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും തടയാൻ സാധിച്ചെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഡസൻ കണക്കിന് ഡ്രോണുകളും ക്രൂയിസ് മിസൈലുകളും യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. ഇസ്രായേൽ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പല മിസൈലുകളും എയർ ഡിഫൻസ് സിസ്റ്റം തകർത്തു. രാജ്യത്തിന്റെ തെക്ക് ഭാഗത്തെ ഒരു സൈനിക താവളത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. സിറിയയിലെ ഇറാൻ കോൺസുലേറ്റിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കി. കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ മാരകമായ വ്യോമാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണ്. ഈ വിഷയം തങ്ങൾ അവസാനിപ്പിച്ചതായും ഇറാൻ വ്യക്തമാക്കി.
ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു. ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി വ്യോമസേനാ മേധാവി, മിലിട്ടറി ഇന്റലിജൻസ് മേധാവി എന്നിവരുമായി സൈനിക ആസ്ഥാനത്തെ ഭൂഗർഭ ബങ്കറിൽ കൂടിയാലോചന നടത്തി. ഇറാനെതിരെ പ്രത്യാക്രമണം പാടില്ലെന്ന് ബൈഡൻ നിർദേശിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ ടുഡേ റിപ്പോർട്ട് ചെയ്തു. യുദ്ധം വ്യാപിക്കാതിരിക്കാൻ മേഖലയിലെ രാജ്യങ്ങളുമായി അമേരിക്ക ആശയവിനിമയം നടത്തും. യു.എസ് ദേശീയ സുരക്ഷാ വിഭാഗം മേഖലയിലെ സഖ്യരാജ്യങ്ങളുമായി ചർച്ച ആരംഭിച്ചതായും പെൻറഗൺ അറിയിച്ചു. കൂടാതെ വിഷയത്തിൽ യു.എൻ രക്ഷാ സമിതി ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്. അതേസമയം, സംയമനം പാലിക്കണമെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു. യുദ്ധം മേഖലയെ വൻനാശത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)