മൊബൈല്‍ഫോണ്‍ കണ്ടുപിടിച്ച മാര്ട്ടിന് കൂപ്പര്‍ പറഞ്ഞത് കേട്ടോ?ഇത് നിങ്ങൾക്കുള്ള മുന്നറിയിപ്പ്
മനുഷ്യന് ഇപ്പോൾ ഒഴിവാക്കാൻ പറ്റാത്ത ഉപകരണമായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ.
കയ്യില്‍ കൊണ്ടുനടക്കാവുന്ന ഫോണ്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയ മാര്ട്ടിന് കൂപ്പറിന് ഇന്ന് സ്മാര്‍ട്ഫോണില്‍ മണിക്കൂറുകളോളം ചെലവിടുന്ന തലമുറയോട് പറയാനുള്ളത് ഇതാണ്. ‘ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്’ എന്ന്.
ബിബിസിയുടെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് 93 കാരനായ കൂപ്പര്‍ ഇങ്ങനെ ഒരു നിര്‍ദേശം സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ താന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറുള്ളൂ എന്ന് അദ്ദേഹം പറയുന്നു.
അഞ്ച് മണിക്കൂറിന് മുകളില്‍ മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്ന തന്നെ പോലുള്ളവരോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ തുറന്നടിച്ച മറുപടി.
‘ നിങ്ങള്‍ ശരിക്കും ഒരു ദിവസം അഞ്ച് മണിക്കൂര്‍ ഫോണില്‍ ചെലവഴിക്കാറുണ്ടോ? അദ്ദേഹം ചോദിച്ചു. ഒരു ജീവിതം സ്വന്തമാക്കൂ എന്ന് ഞാന്‍ പറയും’
ഫോണുകളില്‍ അധികസമയം ചെലവിടുന്നവര്‍ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
ആപ്പ് മോണിറ്ററിങ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കനുസരിച്ച് ആളുകള്‍ ശരാശരി ഒരു ദിവസം 4.8 മണിക്കൂര്‍ നേരം അവരുടെ ഫോണില്‍ ചെലവഴിക്കുന്നുണ്ട്. ഈ കണക്കിനാണെങ്കില്‍ ഒരാഴ്ച 33.6 മണിക്കൂറും മാസം 144 മണിക്കൂറും ആവും. അതായത് ഒരുമാസം ആറ് ദിവസം ആളുകള്‍ ഫോണില്‍ ചെലവഴിക്കുന്നു.
1973 ലാണ് കൂപ്പര്‍ മോട്ടോറോള ഡൈന ടിഎസി 8000എക്സ് എന്ന ആദ്യത്തെ വയര്‍ലെസ് സെല്ലുലാര്‍ ഫോണ്‍ അവതരിപ്പിച്ചത്.
നമ്മുടെ ചെവിയ്ക്കും വായയ്ക്കും ഇടയില്‍ യോജിക്കുന്ന വലിപ്പമുള്ളതും പോക്കറ്റില്‍ കൊള്ളുന്നതുമായിരുന്ന ഒരു ഫോണ്‍ ആയിരുന്നു തന്റെ ഭാവനയില്‍ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം സിബിഎസ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ആദ്യമായി നിര്‍മിച്ച ഫോണില്‍ ഓഫ് ആവുന്നതിന് മുമ്പ് 25 മിനിറ്റ് നേരം സംസാരിക്കാന്‍ സാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോറോളയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് കയ്യില്‍ കൊണ്ടുനടക്കാവുന്ന പോലീസ് റേഡിയോ സംവിധാനം ഉള്‍പ്പടെയുള്ള വിവിധ ഉപകരണങ്ങള്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.
1950 ല്‍ ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ അദ്ദേഹം കൊറിയന്‍ യുദ്ധകാലത്ത് യുഎസ് നാവിക സേനയില്‍ ചേര്‍ന്നു. യുദ്ധത്തിന് ശേഷം അദ്ദേഹം ടെലിടൈപ്പ് കോര്‍പ്പറേഷനിലും പിന്നീട് 1954 മിതല്‍ മോട്ടോറോളയിലും പ്രവര്‍ത്തിച്ചു.
Comments (0)