Posted By editor1 Posted On

അബോര്‍ഷന്‍ ക്ലിനിക്ക് സന്ദര്‍ശിക്കുന്നവരുടെ ലൊക്കേഷന്‍ ഹിസ്റ്ററി നീക്കം ചെയ്യാന്‍ ഗൂഗിള്‍

ഗര്‍ഭച്ഛിദ്രത്തിനായുള്ള ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്യും. ഈ വിവരങ്ങള്‍ നിയമവിരുദ്ധമായി ഗര്‍ഭം ഇല്ലാതാക്കുന്ന വ്യക്തികള്‍ക്കെതിരെ അധികാരികള്‍ നടപടിയെടുക്കാന്‍ കാരണമാവുമെന്ന ആശങ്കയെ തുടര്‍ന്നാണിത്.

ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ പരിരക്ഷലഭിക്കില്ലെന്ന് കഴിഞ്ഞമാസം യുഎസ് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഗര്‍ഭചിദ്രങ്ങള്‍ക്ക് യുഎസ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സെര്‍ച്ച് ഹിസ്റ്ററി ജിയോ ലോക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആളുകളുടെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട പദ്ധതികള്‍ മനസിലാക്കുന്നതിനായി ഉപയോഗിച്ചേക്കാം എന്ന് കമ്പനി ആശങ്കപ്പെടുന്നു.

അനുചിതമായും അമിതമായും സര്‍ക്കാര്‍ ഉപഭോക്താക്കളുടെ ഡാറ്റ ആവശ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗൂഗിള്‍ അക്കൗണ്ടിന്റെ ലോക്കേഷന്‍ ഹിസ്റ്ററി ഉപഭോക്താവ് ആക്റ്റിവേറ്റ് ചെയ്താല്‍ മാത്രമേ പ്രവര്‍ത്തിച്ചുതുടങ്ങുകയുള്ളൂ. അല്ലാത്തപക്ഷം ഡിഫോള്‍ട്ട് ആയി അത് ഓഫ് ആയിരിക്കും.

പുതിയ നീക്കത്തിന്റെ ഭാഗമായി ഫെര്‍ട്ടിലിറ്റി സെന്ററുകള്‍, അബോര്‍ഷന്‍ ക്ലിനിക്കുകള്‍, അഡിക്ഷന്‍ ട്രീറ്റ്‌മെന്റ് സ്ഥാപനങ്ങള്‍ പോലുള്ളവ സന്ദര്‍ശിക്കുന്ന വിവരങ്ങള്‍ ഗൂഗിള്‍ ലോക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്ന് നീക്കം ചെയ്യും.

അതേസമയം എങ്ങനെയാണ് ഉപഭോക്താക്കള്‍ ഇത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടോ എന്ന് മനസിലാക്കുകയെന്നും അവ ഗൂഗിളിന്റെ സെര്‍വറുകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുമോ എന്നും കമ്പനി വ്യക്തമാക്കിയില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *