Posted By user Posted On

യുഎഇയില്‍ മഴയ്ക്ക് ശമനം; മുന്നൊരുക്കം സഹായിച്ചു, ഇത്തവണ നാശനഷ്ടങ്ങളില്ല

യുഎഇയില്‍ മഴയ്ക്ക് ശമനം. കഴിഞ്ഞ മാസത്തെ അതിതീവ്ര മഴയുടെ ആശങ്ക മാറും മുന്‍പേ യുഎഇയില്‍ വീണ്ടും വ്യാപകമായി മഴ പെയ്‌തെങ്കിലും നാശനഷ്ടങ്ങളില്ല. റാസല്‍ഖൈമ അല്‍ഷുഹാദയില്‍ മലവെള്ളപ്പാച്ചിലില്‍ എമിറേറ്റ്‌സ് റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി. ഉമ്മുല്‍ഖുവൈനില്‍ ചില റോഡുകള്‍ പൊലീസ് അടച്ചു. മഴക്കെടുതികള്‍ ഏറ്റവും രൂക്ഷമായി ബാധിച്ച ഷാര്‍ജയില്‍ ബുധനാഴ്ച മുതല്‍ രക്ഷാപ്രവര്‍ത്തകര്‍ വന്‍തോതില്‍ അണിനിരന്നിരുന്നു. 
ദുബായിലെ ബീച്ചുകളും പാര്‍ക്കുകളും മാര്‍ക്കറ്റുകളും പകല്‍ അടച്ചെങ്കിലും വൈകുന്നേരത്തോടെ തുറന്നു. ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിനാല്‍ ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ കഴിച്ചു കൂട്ടി. കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകളും ഓണ്‍ലൈന്‍ പഠനത്തിലേക്കു മാറി.
13 വിമാനങ്ങള്‍ റദ്ദാക്കി. 9 എണ്ണം ദുബായിലേക്കുള്ളതും നാലെണ്ണം ദുബായില്‍ നിന്നു പുറപ്പെടാനുള്ളവയുമായിരുന്നു. 5 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ഷാര്‍ജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് വൈകിയേക്കുമെന്ന് ഇന്ത്യന്‍ വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയെങ്കിലും ഇതുവരെ കാര്യമായ മാറ്റം പ്രഖ്യാപിച്ചിട്ടില്ല.
റോഡുകളില്‍ തിരക്ക് കുറവായിരുന്നു. വെള്ളക്കെട്ടിനു സാധ്യതയുള്ള റോഡുകളിലേക്ക് വാഹനം അനുവദിച്ചില്ല. ഇന്നലെ ഉച്ചയോടെ അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ മഴ മാറി വെയില്‍ തെളിഞ്ഞു. ഇന്നും മഴ തുടരുമെങ്കിലും ശക്തമാകില്ലെന്നാണു കാലാവസ്ഥാ പ്രവചനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *