യുഎഇയിൽ ജനവാസ മേഖലയില്‍ കാട്ടുപൂച്ചയുടെ സാന്നിധ്യം; താമസക്കാര്‍ക്ക് മുന്നറിയിപ്പ്
ഫുജൈറയിലെ ജനവാസ മേഖലയ്ക്ക് സമീപം കാട്ടുപൂച്ച അലഞ്ഞുതിരിയുന്നതായി റിപ്പോര്‍ട്ട്. ജനവാസ മേഖലയില്‍ കാട്ടുപൂച്ച വിലസുന്നതിന്റെ വീഡിയോ വൈറലാകുകയും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. സ്ഥിതിഗതികള്‍ പരിശോധിച്ച് വരികയാണെന്ന് എമിറേറ്റ് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
ഫുജൈറ പരിസ്ഥിതി ഏജന്‍സിയില്‍ നിന്നുള്ള ഒരു സ്‌പെഷ്യലിസ്റ്റ് സംഘം കാര്യങ്ങള്‍ അന്വേഷിക്കുകയാണ്. താമസക്കാര്‍ കാണുകയും ഫോട്ടോയെടുക്കുകയും ചെയ്ത സ്ഥലത്ത് മൃഗം ഇപ്പോഴും ഉണ്ടോ എന്ന് തിരഞ്ഞു. അതോറിറ്റിയുടെ അഭിപ്രായത്തില്‍, ഈ പ്രദേശത്ത് കണ്ടെത്തിയ മൃഗം അല്‍ വാഷ്‌ക് ആണ്. കാരക്കല്‍ എന്നും അറിയപ്പെടുന്നു. ഒരു ഇടത്തരം വലിപ്പമുള്ള പൂച്ചയാണിത്. ഇരയെ പിടിക്കാന്‍ വായുവിലേക്ക് 10 അടി ചാടാന്‍ ഇതിന് കഴിയും.
താമസക്കാരന്റെ ഉടമസ്ഥതയിലുള്ള വന്യമൃഗമാണോ അതോ അലഞ്ഞുതിരിയുന്ന മൃഗമാണോ എന്നറിയാനുള്ള ശ്രമത്തിലാണ് അതോറിറ്റി. ഈ പൂച്ച ആരുടെയെങ്കിലും ഉടമസ്ഥതയില്‍ ഉള്ളതാണെങ്കില്‍ ആ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ഇത്തരം മൃഗങ്ങളില്‍ നിന്ന് അകലം പാലിക്കാനും സുരക്ഷിതരാകാനും താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങളെയോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങളെയോ കുറിച്ചോ അറിയിക്കുന്നതിന്, അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 800368-ല്‍ ബന്ധപ്പെടാന്‍ താമസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)