സമരമായതിനാല്‍ സ്ട്രച്ചര്‍ സീറ്റ് നല്‍കാനാവില്ല; കിടപ്പ് രോഗിയായ മലയാളിക്ക് രണ്ടു തവണ യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്
കിടപ്പ് രോഗിക്ക് രണ്ടു തവണ യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സമരത്തില്‍ അകപ്പെട്ട് രണ്ട് തവണയാണ് കിടപ്പ് രോഗിയായ പ്രവാസിക്ക് യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നത്. കാസര്‍കോട്, മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഹനീഫ് (54) എന്നയാളാണ് ഈ സംഭവത്തിന് ഇരയായത്. രണ്ടുമാസമായി റിയാദ് ഷുമൈസി സര്‍ക്കാര്‍ ആശുപത്രിയില്‍ ശയ്യാവലംബിയായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഈ മാസം 7ന് ചൊവ്വാഴ്ചത്തെ റിയാദ് – കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രോഗികള്‍ക്കുള്ള സ്ട്രച്ചര്‍ (കിടക്ക) സീറ്റ് ടിക്കറ്റ് എടുത്ത് യാത്രയ്ക്ക് ക്രമീകരണം ചെയ്തിരുന്നു. അതിനനുസരിച്ച് ആശുപത്രിയില്‍ നിന്നും നേരിട്ട് വിമാനത്താവളത്തില്‍ എത്തിക്കുവാനായി ഡിസ്ചാര്‍ജും ചെയ്ത് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ വിമാനസമരം കാരണം സ്ട്രച്ചര്‍ സീറ്റ് ഇല്ലന്നും ടിക്കറ്റ് റദ്ദാക്കുന്നതായുള്ള അറിയിപ്പ് ലഭിച്ചു.
പരാതിയെ തുടര്‍ന്ന് 10 ന് (വെള്ളി) ന് പുറപ്പെടുന്ന വിമാനത്തിലേക്കുള്ള ടിക്കറ്റ് നല്‍കിയെങ്കിലും, വ്യാഴ്ച രാത്രിയോടെ അതും റദ്ദാക്കിയതായി വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. സാങ്കേതിക ബുദ്ധിമുട്ടുകള്‍ മൂലം കിടക്ക സീറ്റ് ക്രമീകരണം നടക്കില്ല എന്നതാണ് കാരണമായി പറഞ്ഞത്. കഴിഞ്ഞ 7 ന് (ചൊവ്വ) വിമാന യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത മുഹമ്മദ് ഹനീഫിനെ സാമൂഹിക പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥനയില്‍ ആശുപത്രി അധികൃതരുടെ കാരുണ്യത്തില്‍ വീണ്ടും അതേ ആശുപത്രിയില്‍ പുനപ്രവേശിപ്പിച്ച് തുടരാന്‍ അനുവദിച്ചു. 10 ന് രാത്രി യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് കരുതി ഷുമൈസി ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ക്രമീകരിച്ചപ്പോഴാണ് വീണ്ടും വിമാനം റദ്ദാക്കിയ വിവരം ലഭിക്കുന്നത്. ആദ്യ തവണ ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്നുള്ള കാര്യകാരണങ്ങള്‍ സഹിതം രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരമാകുമെന്നും മറ്റുമുള്ള വിശദീകരണത്തെ തുടര്‍ന്നാണ് ഹനീഫിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സാധിച്ചത്.
വെള്ളിയാഴ്ചയും യാത്ര മുടങ്ങിയതോടെ രണ്ടാമതും പുനപ്രവേശനം ലഭിക്കാന്‍ ആശുപത്രി അധികൃതരുടെ കാലുപിടിക്കേണ്ട ഗതികേടാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സമരം മൂലം തങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് പറഞ്ഞു. ഷുമൈസി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയതിനാലാണ് പുനപ്രവേശനം സാധ്യമായത്. അതേ സമയം സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നുവെങ്കില്‍ ഈ സാഹചര്യത്തില്‍ വീണ്ടും തുടരുന്നതിനും പ്രതിദിനം ചികിത്സാ ചെലവിനത്തില്‍ വലിയൊരു തുക കണ്ടെത്തേണ്ടിയും വരുമായിരുന്നു. പുനപ്രവേശനത്തിന് സാങ്കേതിക ബുദ്ധിമുട്ടുകള്‍ വേറെയും നേരിടേണ്ടി വരുമായിരുന്നു. റിയാദിലെ എയര്‍ ഇന്ത്യ ജീവനക്കാര്‍ അനുഭാവപൂര്‍വ്വം പെരുമാറിയെങ്കിലും നാട്ടില്‍ പ്രതിസന്ധി പരിഹരിക്കാത്തതിനാല്‍ അവരും നിസ്സഹായരായിരുന്നു.
3 വര്‍ഷത്തോളമായി റിയാദിലെ ഒരു ഹൈപ്പര്‍മാര്‍ക്കിനോട് ചേര്‍ന്നുള്ള മൊബൈല്‍കടയില്‍ ഫോണ്‍ ടെക്‌നീഷ്യനായി ജോലിചെയ്തു വരികയായിരുന്നു മുഹമ്മദ് ഹനീഫ്. ഇതിനിടെയിലാണ് രണ്ടു മാസങ്ങള്‍ക്ക് മുമ്പ് മസ്തിഷ്‌കാഘാതം വന്ന് തളര്‍ന്ന് വീഴുന്നത്. തുടര്‍ന്ന് സാമൂഹികപ്രവര്‍ത്തകര്‍ ഷുമൈസിയില്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചു. തുച്ഛമായ ശമ്പളത്തില്‍ ജോലിചെയ്യുകയായിരുന്ന ഇയാളുടെ വിമാനടിക്കറ്റും നാട്ടിലെ തുടര്‍ ചികിത്സയടക്കമുള്ളതിന് വഴിയൊരുക്കുന്നത് മഞ്ചേശ്വരം കെഎംസിസി കമ്മറ്റി പ്രവര്‍ത്തകരാണ്. ഞായറാഴ്ചത്തെ വിമാനത്തില്‍ ഇനി നാട്ടിലെത്തിക്കാമെന്ന ഒരു പ്രതീക്ഷയിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)