യുഎഇ: ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഇനി എ.ഐ കണ്ടുപിടിക്കും
ദുബായില്‍ ഇനി ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എ.ഐ കണ്ടുപിടിക്കും. ശ്വാസകോശ സംബന്ധമായ നിരവധി അസുഖങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളെ കണ്ടെത്താന്‍ സഹായിക്കുന്ന നിര്‍മിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യ നടപ്പിലാക്കി ദുബായ് സെന്‍ട്രല്‍ ലബോറട്ടറി. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്ന പള്‍മണറി ബാക്ടീരിയയായ ലെജിയോണല്ലയെ അതിവേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണിത്. ഈ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ദുബായില്‍ സ്ഥാപിക്കുന്നതെന്ന് ദുബായ് സെന്‍ട്രല്‍ ലബോറട്ടറി ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഹിന്ദ് മഹമൂദ് അഹമ്മദ് പറഞ്ഞു. ലെജിയോണല്ല പള്‍മണറി ബാക്ടീരിയയെ കണ്ടെത്തുന്നതിനുള്ള വിപ്ലവകരമായ ഈ രീതി യൂറോപ്യന്‍ വാട്ടര്‍ ടെസ്റ്റിങ് നെറ്റ്‌വര്‍ക് ആഗോള തലത്തില്‍ അംഗീകാരം നല്‍കിയ ഏറ്റവും പുതിയ രീതിയാണ്. നിലവില്‍ 14 ദിവസം കൊണ്ട് ലഭിച്ചിരുന്ന ഫലം പുതിയ രീതിയിലൂടെ 48 മണിക്കൂറായി ചുരുങ്ങും. കൂടാതെ ഏറ്റവും കൃത്യതയാര്‍ന്ന ഫലം നല്‍കാനും പുതിയ സാങ്കേതിക വിദ്യക്ക് സാധിക്കും. എമിറേറ്റിലെ ആരോഗ്യ സുരക്ഷ രംഗത്തെ പുരോഗതിക്കായി ഏറ്റവും മികച്ച സാങ്കേതിക വിദ്യകളും അടിസ്ഥാന ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ രീതി അവതരിപ്പിച്ചതെന്ന് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)