വിമാനത്തിലെ ഹീറോ: യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച് മലയാളി ഡോക്ടർ, നന്ദി പറഞ്ഞ് വിമാന കമ്പനി
പ്രിയപ്പെട്ട സർ, ഞങ്ങളുടെ ഹൃദയത്തിനുള്ളിൽനിന്ന് താങ്കളുടെ പിന്തുണയ്ക്ക് നന്ദിപറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് താങ്കൾക്ക് മനസ്സിലാക്കണമെന്നില്ല…’ വിമാനയാത്രയ്ക്കിടെ സഹയാത്രികയുടെ ജീവൻ രക്ഷിച്ച ഡോക്ടർക്ക് വിമാനത്തിലെ ജീവനക്കാർ നന്ദിസൂചകമായി സമർപ്പിച്ച കത്തിലെ വരികളാണിത്.ആകാശയാത്രയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 35-കാരിയുടെ ജീവൻ രക്ഷപ്പെടുത്താൻ എന്ത് ചെയ്യണമെന്നറിയാതെ കാബിൻ ക്രൂവും മറ്റ് യാത്രക്കാരും പകച്ചുനിന്നപ്പോൾ പ്രഥമശുശ്രൂഷ നൽകി ജീവൻ നിലനിർത്തിയ യുവ ഡോക്ടറോടാണ് അവർ ഇംഗ്ലീഷിൽ എഴുതിയ കത്തിലൂടെ നന്ദിയറിയിച്ചത്.കാസർകോട്ടെ യുവ ഡോക്ടർ ലഹൽ മുഹമ്മദ് അബ്ദുള്ളയാണ് രക്ഷാപ്രവർത്തനത്തിലൂടെ യാത്രക്കാർക്കിടയിൽ ഹീറോയായി മാറിയത്. കഴിഞ്ഞ ദിവസം രാവിലെ 6.10-ന് ചെന്നൈയിൽനിന്ന് ദുബായിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് സംഭവം. യാത്ര പകുതി പിന്നിട്ടപ്പോഴാണ് ചെന്നൈ സ്വദേശിനി ശാരീരിക അസ്വസ്ഥതയെത്തുടർന്ന് കുഴഞ്ഞുവീണത്. അപ്പോഴാണ് ലഹൽ മുഹമ്മദ് സഹായിക്കാനെത്തിയത്. ഇദ്ദേഹത്തിന്റെ സമയോചിത ഇടപെടൽ യുവതിക്കൊപ്പം വിമാന ജീവനക്കാർക്കും സഹയാത്രികർക്കും നൽകിയ ആശ്വാസം ചെറുതായിരുന്നില്ല.എം.ബി.ബി.എസ്. പഠനവും ഇന്റേൺഷിപ്പും പൂർത്തിയാക്കിയുള്ള മടക്കയാത്രയ്ക്കിടയിലാണ് വിമാനത്തിൽ ഈ സംഭവം നടന്നത്. ‘നിങ്ങളുടെ ജീവിതത്തിൽ മികച്ച ആയുരാരോഗ്യ സൗഖ്യങ്ങൾ നിറയട്ടെയെന്ന് ആശംസിക്കുന്നു – ടീം 6ഇ1471-പൂജ, സച്ചു, പേമ, പ്രീത, ദുപൻഷി’ എന്ന വരികളോടെയാണ് ഡോ. ലഹലിന്റെ സേവനത്തിന് നന്ദി അറിയിച്ചുള്ള കത്ത് അവസാനിക്കുന്നത്.റാസൽഖൈമയിൽ രക്ഷിതാക്കളുടെ അടുത്തേക്കുള്ള യാത്രയിലായിരുന്നു ഡോ. ലഹൽ. റാക്പാക്ക് എം.ഡി.യും കാസർകോട് ഉദുമ കാപ്പിൽ സ്വദേശിയുമായ ടി.വി. അബ്ദുള്ളയുടെയും ജാസ്മിൻ അബ്ദുള്ളയുടെയും മകനാണ് ഈ യുവ ഡോക്ടർ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)