Posted By user Posted On

പ്രവാസികളുടെ ശ്രദ്ധയ്ക്ക്! ക്രെഡിറ്റ് കാർഡ്, ആദായ നികുതി, ഓഹരി വിപണി തുടങ്ങിയവയിൽ ജൂണിൽ വരാനിരിക്കുന്ന മാറ്റങ്ങൾ വിശദമായി അറിയാം

ഈ മാസത്തിൽ സാമ്പത്തിക കാര്യങ്ങളിൽ നിരവധി മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ക്രെഡിറ്റ് കാർഡ്, ആദായ നികുതി, ഓഹരി വിപണി തുടങ്ങിയവയിലെല്ലാം പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഈ ദിവസങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിനാണ് വരുന്നത്. തെരഞ്ഞെടുപ്പ് ഫലവും എക്സിറ്റ് പോളും ഓഹരി വിപണിയിൽ മാറ്റങ്ങളുണ്ടാക്കും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 10 ദിവസം കൊണ്ട് നിഫ്റ്റി 11,100 ൽ നിന്ന് 11,900 ത്തിലേക്കാണ് ഉയർന്നത്. മ്യൂച്വൽ ഫണ്ട് നിക്ഷേപമുള്ളവർക്ക് നോമിനേഷൻ വിവരങ്ങൾ നൽകാനുള്ള അവസാന തീയതി ജൂണിൽ അവസാനിക്കും. ജൂൺ 30ന് മ്യൂച്വൽ ഫണ്ട് നാമനിർദ്ദേശം ചെയ്യാത്തവർക്ക് പിന്നീട് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. 2022 ഒക്ടോബർ ഒന്നിന് ശേഷം ആരംഭിച്ച ഫോളിയോകൾക്കാണ് നോമിനേഷൻ ബാധകമായിട്ടുള്ളത്. നോമിനേഷൻ പൂർത്തിയാക്കാത്തവർക്ക് ജൂലൈ ഒന്ന് മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കാനോ, സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ, സിസ്റ്റമാറ്റിക്ക് ട്രാൻസ്ഫർ പ്ലാൻ എന്നിവ നടത്താനാകില്ല.

ക്രെഡിറ്റ് കാർഡിൽ വരുന്ന മാറ്റങ്ങൾ ഇപ്രകാരമാണ്, ബാങ്ക് ഓഫ് ബറോഡയുടെ കോ- ബ്രാ‍ൻഡഡ് ക്രെ‍ഡിറ്റ് കാർഡായ ബി.ഒ.ബികാർഡ് വൺ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പലിശ നിരക്കും ലേറ്റ് പേയ്‌മെൻറ് ഫീസും ജൂൺ 23 മുതൽ വർധിക്കും. ക്രെഡിറ്റ് കാർഡ് ബില്ലിൽ കുടിശികയുള്ള തുകയുടെ പലിശ പ്രതിമാസം 3.57 ശതമാനം (വർഷത്തിൽ 45%) ആക്കി ഉയർത്തിയിട്ടുണ്ട്. ക്രെഡിറ്റ് ലിമിറ്റിന് മുകളിൽ തുക ഉപയോ​ഗിച്ചാൽ അധികമായി ഉപയോ​ഗിച്ച തുകയുടെ 2.5 ശതമാനമോ 500 രൂപയോ, ഏതാണ് ഉയർന്ന തുകയെന്ന് നോക്കി പിഴ ഈടാക്കും. സർക്കാറുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ചില ക്രെഡിറ്റ് കാർഡുകളിൽ എസ്.ബി.ഐ ഇനി മുതൽ റിവാർഡ് പോയിന്റ് നൽകില്ല. ഔറം, എസ്ബിഐ കാർഡ് എലൈറ്റ് എന്നിവയെയാണ് ഈ തീരുമാനം ബാധിക്കുക. ജൂൺ 18 മുതൽ ആമസോൺ പേ ഐസിഐസിഐ ക്രെ‍ഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് വാടക പേയ്മെന്റിന് റിവാർഡ് പോയിന്റ് ലഭിക്കില്ല. ജൂൺ 21 മുതൽ സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിൻറെ ക്യാഷ്ബാക്ക് ഘടനയിൽ മാറ്റം വരും. സ്വിഗ്ഗി ആപ്പിലെ സ്വിഗ്ഗി മണിയായി കാഷ്ബാക്ക് ക്രെഡിറ്റാകുന്നതിന് പകരം നേരിട്ട് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ ക്യാഷ്ബാക്ക് പ്രതിഫലിക്കും.

2024-25 സാമ്പത്തിക വർഷത്തിലെ മുൻകൂർ നികുതിയുടെ ആദ്യഗഡു അടയ്ക്കേണ്ട ജൂൺ 15 വരെ അടയ്ക്കാം. സാമ്പത്തിക വർഷത്തിൽ നികുതി ബാധ്യത 10,000 രൂപയോ അതിന് മുകളിലോ പ്രതീക്ഷിക്കുന്ന വ്യക്തിഗത നികുതിദായകർ നാല് തവണകളായി മുൻകൂർ നികുതി അടയ്ക്കണം. മുൻകൂർ നികുതിയുടെ 15 ശതമാനം ജൂൺ 15 ന് മുൻപ് അടയ്ക്കണം. അല്ലാത്ത പക്ഷം പിഴയടയ്ക്കേണ്ടി വരും.

ജൂൺ 25 മുതൽ ചെറിയ തുകയുടെ യു.പി.ഐ ഇടപാടുകൾക്ക് എസ്.എം.എസ് അലർട്ട് നൽകുന്നത് എച്ച്ഡിഎഫ്സി ബാങ്ക് ഒഴിവാക്കും. 100 രൂപയിൽ കൂടുതലുള്ള ഡെബിറ്റ് ഇടപാടും 500 രൂപയിൽ കൂടുതലുള്ള ക്രെഡിറ്റ് ഇടപാടും മാത്രമെ എസ്.എം.എസ് അലർട്ടായി ലഭിക്കുകയുള്ളൂ. ഇ–മെയിൽ അപ്ഡേറ്റുകളിൽ മാറ്റമുണ്ടാകില്ല.

ജൂൺ 14 വരെ ആധാർ കാർഡ് ഉടമകൾക്ക് ഓൺലൈനായി സൗജന്യമായി ആധാർ വിവരങ്ങൾ പുതുക്കാം. ഓഫ്‍ലൈൻ ആധാർ അപ്ഡേഷന് 50 രൂപയാണ് ഫീസായി നൽകേണ്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o


Comments (0)

Leave a Reply

Your email address will not be published. Required fields are marked *