ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി
ഡെങ്കിപ്പനി ബാധിച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി. യുഎഇയിൽ മൃതദേഹങ്ങൾ എംബാം ചെയ്യാത്തത് കൊണ്ട് ഇന്ത്യയിലെ വിമാനക്കമ്പനികൾ നാട്ടിലേക്ക് കൊണ്ടുപോകാൻ തയാറാകാത്തത് ആണ് ഈ പ്രതിസന്ധിക്ക് കാരണം. യുഎഇയിൽ നിന്ന് എംബാം ചെയ്യാത്ത മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് ദുബായ് വിമാന സർവ്വീസ് കമ്പനിയായ എമിറേറ്റ്സ് എയർലൈൻ മാത്രമാണ്. എന്നാൽ, എമിറേറ്റ്സ് എയർലൈൻസിന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും മാത്രമാണ് നിലവിൽ സർവ്വീസുള്ളത്. ആറുമാസം മുമ്പ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തെ തുടർന്ന് എംബാം ചെയ്ത മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലും പ്രതിസന്ധി തുടരുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ എംബാമിങ് ചെയ്ത സർട്ടിഫിക്കറ്റ് ഏത് എയർലൈൻസിലാണോ നാട്ടിലേക്ക് കൊണ്ടുപോകുന്നത് ആ എയർലൈൻസിൻറെ നാട്ടിലെ ഓഫിസിലേക്ക് അയക്കണം. ഇവർ ഇത് ഡൽഹിയിലെ ഓഫീസിലേക്ക് അയച്ച് ഇവിടെ നിന്ന് അനുമതി നൽകിയാൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുമതി ലഭിക്കുള്ളൂ. ഡൽഹിയിൽ നിന്ന് അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ടെന്നാണ് ഈ രംഗത്ത് ഉള്ളവർ പറയുന്നത്. എംബാമിങ്ങിന് നാലു മുതൽ അഞ്ചു മണിക്കൂർ വരെ സമയമെടുക്കുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കാൻ കേന്ദ്ര സർക്കാറിന് പലതവണ അപേക്ഷ നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
തിരുവനന്തപുരത്തേക്ക് ദിവസവും രാവിലെ 9.30ന് പുറപ്പെടുന്ന ഒരു സർവ്വീസും കൊച്ചിയിലേക്ക് പുലർച്ചയുള്ള രണ്ട് സവ്വീസുകളുമാണ് ഉള്ളത്.കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും എമിറേറ്റ്സിന് സർവ്വീസില്ല. ഇതുമൂലം കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് മരിച്ച കണ്ണൂർ സ്വദേശിയായ 50കാരിയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ച് അവിടെ നിന്ന് ഫ്രീസർ സൗകര്യമുള്ള ആംബുലൻസിലാണ് കണ്ണൂരിൽ കൊണ്ട് വന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ പ്രവാസികളുടെ ബന്ധുക്കൾക്ക് മാനസികവും സാമ്പത്തികവുമായി വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ മാസം 21ന് മരിച്ച തിരുവനന്തപുരം സ്വദേശിയായ 30കാരൻ അജിത്തിൻറെ മൃതദേഹം മൂന്നു ദിവസത്തിന് ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുത്തതോടെ തിങ്കളാഴ്ച രാവിലെ 9.30ന് ഉണ്ടായിരുന്ന എമിറേറ്റ്സ് സർവ്വീസിൽ കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. അതോടെയാണ് ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടിവന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)