Posted By user Posted On

അമീബിക് മസ്തിഷ്‌ക ജ്വരം: കുട്ടികളെ ബാധിക്കുന്നത് എന്തുകൊണ്ട്? കൂടുതൽ അറിയാം

ബ്രെയിന്‍ ഈറ്റിംഗ് അമീബ വീണ്ടും കേരളത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മൂന്നുമാസത്തിനിടെ ഈ രോഗാണുമൂലമുള്ള അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെ തുടര്‍ന്ന് മൂന്നുപേരാണ് കേരളത്തില്‍ മരിച്ചത്. എങ്ങനെയാണ് ഈ രോഗമുണ്ടാകുന്നത്. ഈ രോഗം പകരുമോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.

അമീബിക് മസ്തിഷ്‌ക ജ്വരം പകര്‍വ്വവ്യാധിയാണോ?
അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്‌കജ്വരം പകര്‍ച്ചവ്യാധിയല്ലെന്നുള്ള കാര്യമാണ് നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത്. മൂന്നുമാസത്തിനിടെ മൂന്നുപേര്‍ രോഗം വന്ന് മരിച്ചെങ്കിലും ഇത് വ്യത്യസ്ത ജില്ലകളില്‍ ഉള്ളവരാണ്. രോഗം വന്ന് മരിച്ചവരെല്ലാം രോഗബാധയ്ക്ക് മുമ്പായി പൊതുകുളങ്ങളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗകാരണമെന്നാണ് കരുതപ്പെടുന്നത്.

ബ്രെയിന്‍ ഈറ്റിംഗ് അമീബ ശരീരത്തിലെത്തുന്നത് എങ്ങയാണെന്ന് നോക്കാം.

കുളങ്ങളിലും മറ്റും കാണപ്പെടുന്ന അമീബയാണ് ഈ അപൂര്‍വ്വ രോഗത്തിന് കാരണം. ബ്രെയിന്‍ ഈറ്റിംഗ് അമീബ എന്നാണ് ഇതറിയപ്പെടുന്നത്. മൂക്കിലൂടെയാണ് സാധാരണയായി ഈ അമീബ ശരീരത്തിലെത്തുന്നത്. പിന്നീടത് നേരെ തലച്ചോറിലെത്തുന്നു. തലച്ചോറിലെ നാഡി കോശജാലങ്ങളെ ആഹാരമാക്കുന്ന അമീബ രോഗബാധയുണ്ടാക്കുന്നു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ല.

രോഗലക്ഷണങ്ങള്‍
സാധാരണഗതിയില്‍ രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഒന്ന് മുതല്‍ ഒമ്പത് ദിവസത്തിനിടെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്തിന് മരവിപ്പ്, ചുഴലി, മാനസിക നില തകരാറിലാവല്‍, ഉന്മാദാവസ്ഥ എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങള്‍. വളരെ വേഗം രോഗം ഗുരുതരമാകാറുണ്ട്. 95 ശതമാനം മരണസാധ്യതയുള്ള ആ രോഗത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങി 1-12 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചേക്കാം.

രോഗം വരാതിരിക്കാന്‍
വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങാതിരിക്കുക. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാലാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. കുളങ്ങളില്‍ കുളിക്കുമ്പോള്‍ സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം

മൂക്കിലൂടെയാണ് അമീബ ശരീരത്തിലെത്തുന്നത് എന്നതിനാല്‍ മുങ്ങിക്കുളി ഒഴിവാക്കുക. മൂക്കില്‍ വെള്ളം കയറാതെ കുളിക്കുക. വെള്ളത്തിലേക്ക് ചാടുമ്പോഴോ മുങ്ങാംകുഴി ഇടുമ്പോഴോ വളരെ ശക്തിയായി വെള്ളം മുക്കിലേക്ക് അടിച്ചുകയറുക വഴിയാണ് അമീബ തലച്ചോറിലെത്തുന്നത്. കുട്ടികളിലും യുവാക്കളിലും ഈ രോഗം കൂടുതലായി വരാനുള്ള കാരണമതാണ്. ഈ പ്രായത്തിലുള്ളവരാണ് കുളങ്ങളിലും മറ്റും ചാടിക്കുളിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *