യാത്രക്കാർക്ക് ആശ്വാസം; ഇനി ലഗേജ് നഷ്ടപ്പെടുന്നുവെന്ന പരാതിവേണ്ട; പരിഹാരവുമായി എയർ ഇന്ത്യ
ഏറ്റവും കൂടുതൽ ലഗേജ് നഷ്ടപ്പെടുന്ന വിമാനക്കമ്പനി എന്ന ചീത്തപ്പേര് മാറ്റുന്നതിനുള്ള നടപടികളുമായി എയർ ഇന്ത്യ. ഇതിനായി തത്സമയ ബാഗേജ് ട്രാക്കിംഗ് സേവനം ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലും ബാഗേജ് ട്രാക്കിംഗ് ഫീച്ചർ ചേർത്തിട്ടുണ്ട്. ഇതിലൂടെ യാത്രക്കാർക്ക് അവരുടെ ബാഗേജ് ലൈവ് ആയി ട്രാക്ക് ചെയ്യാൻ സാധിക്കും. ലഗേജ് നഷ്‌ടപ്പെടുകയോ കാലതാമസം നേരിടുന്നതോ ആയ പരാതികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ എയർലൈൻ ജീവനക്കാരുമായി ബന്ധപ്പെടാതെ ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം നൽകുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നായി എയർ ഇന്ത്യ മാറി.
ബാഗേജ് ട്രാക്ക് ചെയ്യുന്നതിനായുള്ള സംവിധാനത്തിൽ നിലവിലെ ലൊക്കേഷൻ, ട്രാൻസിറ്റ് സ്റ്റാറ്റസ്, ബാഗേജ് എത്തിച്ചേരൽ വിശദാംശങ്ങൾ എന്നിവ പോലുള്ള പ്രധാന വിവരങ്ങൾ ലഭിക്കും. ഇതിൽ, ചെക്ക്-ഇൻ, സെക്യൂരിറ്റി ക്ലിയറൻസ്, എയർക്രാഫ്റ്റ് ലോഡിംഗ്, ലോഡിംഗ് ട്രാൻസ്ഫർ, ബാഗേജ് ക്ലെയിം ഏരിയ തുടങ്ങി എല്ലാ പ്രധാനപ്പെട്ട ബാഗേജ് ടച്ച് പോയിന്റുകളിലും ലഗേജുകളുടെ വരവ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. ‘ട്രാക്ക് യുവർ ബാഗ്’ ടാബിന് കീഴിൽ എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലും ഈ സൗകര്യം ലഭ്യമാണ്.
കണക്കുകൾ പ്രകാരം ഓരോ ദിവസവും ശരാശരി 1,456 ബാഗുകൾ ആണ് എയർ ഇന്ത്യ യാത്രക്കാർക്ക് നഷ്ടപ്പെടുന്നത്. ‘luggagelosers.com’ എന്ന വെബ്‌സൈറ്റാണ്, വിമാനത്താവളങ്ങളിൽ നഷ്ടപ്പെട്ട ലഗേജുകളുടെ കണക്കുകൾ പുറത്തുവിട്ടത്. എയർ ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ഒരു യാത്രക്കാരന്റെ ലഗേജ് നഷ്ടപ്പെടാനുള്ള സാധ്യത 2.42 ശതമാനം ആണന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. 42 യാത്രക്കാരിൽ ഒരാൾക്ക് എയർ ഇന്ത്യയിൽ ബാഗുകൾ നഷ്ടപ്പെടാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)