Posted By user Posted On

യുഎഇയിൽ ഗർഭസ്ഥ ശിശുവി​ന്റെ ലിം​ഗമറിയിക്കൽ ചടങ്ങുകൾക്കായി ആളുകൾ ചെലവാക്കുന്നത് ഞെട്ടിക്കുന്ന തുക

ജെൻഡർ റിവീൽ അഥവാ ​ഗർഭസ്ഥ ശിശുവി​ന്റെ ലിം​ഗമറിയിക്കുന്ന പരിപാടികൾക്ക് ലോകമെങ്ങും ഇന്ന് വലിയ പ്രചാരമാണുള്ളത്. ചെലവ് കുറഞ്ഞതു മുതൽ വൻ തുക ചെലവിട്ടും ഇന്ന് ജെൻഡർ റിവീലുകൾ നടത്തുന്നുണ്ട്. യുഎഇയിൽ ഇത്തരം പാർട്ടികൾക്കായി 500,000 ദിർഹം വരെ ചെലവഴിക്കുന്നതായി രാജ്യത്തെ ഇവൻ്റ് പ്ലാനർമാർ പറയുന്നു. ആകാശത്ത് ഡ്രോൺ ഷോകൾ, ബുർജ് ഖലീഫയിലെ ലൈറ്റ് ഡിസ്പ്ലേകൾ തുടങ്ങി പുകയും കളർ സ്ട്രീമറുകളും വരെ യുഎഇയിലെ നിവാസികൾ ഉപയോ​ഗിക്കുന്നുണ്ടെന്നും ചടങ്ങ് അതി​ഗംഭീരമാക്കുന്നുണ്ടെന്നും ഇവൻ്റ് പ്ലാനർമാർ കൂട്ടിച്ചേർത്തു. യു.എ.ഇയിൽ മാത്രമല്ല ആഗോളതലത്തിൽ ലിംഗ വെളിപ്പെടുത്തലുകൾ കൂടുതൽ പ്രചാരത്തിലായിട്ടുണ്ടെന്ന് ബിഗ് നൈറ്റ് ഇവൻ്റ്‌സിൻ്റെ (ബിഎൻഇ) ക്രിയേറ്റീവ് ഡയറക്ടർ ഗൗരി ചദ്ദ പറഞ്ഞു.

പാർട്ടിയുടെ ക്രിയേറ്റീവ് വീക്ഷണത്തെയും ഇവൻ്റിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തെയും ആശ്രയിച്ചാണ് തുക ചെലവാകുന്നത്. പാർട്ടിക്കായി ആളുകൾ 500,000 ദിർഹം വരെ ചെലവഴിക്കുന്നുണ്ട്. പൊതുവെ ഇത് 250,000 ദിർഹത്തിന് മുകളിലായിരിക്കും ചെലവാക്കുന്നത്. എന്നിരുന്നാലും ചെറിയ ബജറ്റിലും ആളുകൾ ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫ്ലുവൻസേഴാസായ നോറയും ഖാലിദ് അൽഹറാനിയും ഡ്രോൺ ഷോയിലൂടെയാണ് ലിം​ഗ വെളിപ്പെടുത്തൽ നടത്തിയത്. മേഖലയിൽ ഇതാദ്യമായാണ് അത്തരത്തിലൊരു ജെൻഡർ റിവീൽ നടന്നിരിക്കുന്നത്. 2020ൽ സിറിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സായ അനസും അസല മർവയും ബുർജ് ഖലീഫയിൽ ലൈറ്റ് ഡിസ്‌പ്ലേയായി അവരുടെ കുഞ്ഞി​ന്റെ ജെൻഡർ റിവീൽ നടത്തിയിരുന്നു. ഇത്തരം ലിം​ഗമറിയിക്കൽ ചടങ്ങുകളിൽ സോഷ്യൽ മീഡിയക്ക് പങ്കുണ്ടെന്ന് ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയായ ടിഷ് താഷിൻ്റെ സ്ഥാപകൻ നതാഷ ഹാതറൽ-ഷെ പറഞ്ഞു. അതേസമയം ചിലർ നടത്തുന്ന പാർട്ടികൾക്കെതിരെ വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്. 2021-ൽ, കാലിഫോർണിയയിലെ ​ദമ്പതികളുടെ ജെൻഡർ റിവീലിനിടെ ആയിരക്കണക്കിന് ഏക്കർ ഭൂമി കത്തിനശിക്കുകയും 5 വീടുകൾ എരിഞ്ഞുചാമ്പലാവുകയും ഒരു അ​ഗ്നിശമന സേനാം​ഗം കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഇത്തരം ജെൻഡർ റിവീലുകൾക്ക് സോഷ്യൽ മീഡിയയിലുള്ള ജനപ്രീതി കുറഞ്ഞിട്ടില്ലെന്നും നടാഷ പറയുന്നു. ട്രെൻഡ് സൃഷ്ടിക്കപ്പെട്ടതിനെ തുടർന്ന് അതുമായി ബന്ധപ്പെട്ട ബ്രാൻഡുകൾ ഉൾപ്പെടെ ചടങ്ങുകളിൽ സഹകരിക്കുന്നതായും കാണാം. യുഎഇയിലെത്തുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെ യുഎഇയുടെ പശ്ചാത്തലത്തിൽ ഇത്തരം ചടങ്ങുകൾ നടത്താൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും പ്രീതി വർധിച്ചുവരുന്നുണ്ടെന്നും ബിഎൻഇയുടെ മാനേജിംഗ് ഡയറക്ടർ കുനാൽ രൂപാണി പറഞ്ഞു. ഡ്രോൺ ഷോയോ, സ്മോക്ക് റിലീസോ, ബലൂൺ പോപ്പോ സ്കൈ ഡൈവിം​ഗോ ഏത് മാർ​ഗം ഉപയോ​ഗിച്ചുള്ള ജെൻഡർ റിവീൽ പരിപാടികൾക്കും യുഎഇ തയ്യാറാണെന്നും ആവശ്യക്കാരുടെ ബജറ്റിന് അനുസരിച്ച്, അവരുടെ ഭാവനയ്ക്ക് അനുസൃതമായി നടത്താൻ യുഎഇയേക്കാൾ മികച്ച മറ്റൊരു സ്ഥലമില്ലെന്നും രൂപാണി കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *