പ്രവാസികളുടെ മരണാനന്തര സർട്ടിഫിക്കറ്റ് ചെലവുകൾ ഒഴിവാക്കി യുഎഇയിലെ ഈ എമിറേറ്റ്
അബുദാബി എമിറേറ്റിൽ വച്ച് മരണപ്പെടുന്ന പ്രവാസികളുടെ മരണാനന്തര സർട്ടിഫിക്കറ്റ് ചെലവുകൾ ഒഴിവാക്കി ഭരണകൂടം. അൽ ഐൻ പടിഞ്ഞാറൻ മേഖല ഉൾപ്പെടെയുള്ള മേഖലകളിൽ മരണ സർട്ടിഫിക്കറ്റിൻറെയും എംബാമിങ് സർട്ടിഫിക്കറ്റിൻറെയും ചാർജുകളാണ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻറ് എടുത്തുകളഞ്ഞത്. മരണ സർട്ടിഫിക്കറ്റിന് 103 ദിർഹവും ആംബുലൻസ്, കഫിൻ ബോക്‌സ് ഉൾപ്പെടെ എംബാമിങ് സർട്ടിഫിക്കറ്റിന് 1106 ദിർഹവുമാണ് ഈടാക്കിയിരുന്നത്. സ്വദേശികളുടെ മരണ സർട്ടിഫിക്കറ്റിന് ഈടാക്കിയിരുന്ന 53 ദിർഹവും ഒഴിവാക്കി. എല്ലാ രാജ്യക്കാർക്കും ഈ ആനുകൂല്യം ലഭ്യമാകും. മറ്റുള്ള എമിറേറ്റുകളിലെ നടപടിക്രമങ്ങളിൽ മാറ്റമില്ല. മരണാനന്തര ചെലവുകൾ സൗജന്യമാക്കിയെങ്കിലും മൃതദേഹങ്ങൾ അതത് നാട്ടിലേക്ക് എത്തിക്കുന്ന ചാർജുകളിൽ മാറ്റമുണ്ടാവില്ല. എയർപോർട്ട് ഹാൻഡ്‌ലിങ് ചാർജ്, കാർഗോ ഫീസ് തുടങ്ങിയ ഇനങ്ങളിൽ ഫീസ് നൽകേണ്ടതായി വരും. ഇന്ത്യൻ ഗവൺമെന്റും എംബസിയും വിവിധ എയർലൈനുകളുമായി കാർഗോ ഫീസിളവ് സംബന്ധിച്ച് ചർച്ച നടത്തിയാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ഏറെ ആശ്വാസകരമാകുമെന്ന് സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)