Posted By user Posted On

പ്രവാസികള്‍ക്ക് നേട്ടമാകുന്ന സർക്കാർ പദ്ധതി; 275 രൂപയ്ക്ക് 10 ലക്ഷം ഇൻഷുറൻസ്

പ്രവാസ ജീവിതത്തിലേക്ക് പോകുന്നവർക്ക് നേട്ടമാകുന്ന സർക്കാർ പദ്ധതി. പ്രവാസികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടുംബം തകർന്ന് പോകരുതല്ലോ. പ്രവാസികൾക്ക് അപകട മരണമോ സ്ഥിരമായ വൈകല്യമോ ഉണ്ടായാൽ 10 ലക്ഷം രൂപ വരെ തുക വാഗ്ദാനം ചെയ്യുന്ന സർക്കാർ പദ്ധതിയുണ്ട്. അതിന്‍റെ പേരാണ് പ്രവാസി ഭാരതീയ ബീമാ യോജന. എന്താണ് പ്രവാസി ഭാരതീയ ബീമാ യോജന എന്നും എങ്ങനെ പദ്ധതിയൽ ചേരാമെന്നും നമുക്ക് വിശദമായി അറിയാം.

പ്രവാസി ഭാരതീയ ബീമാ യോജന

നിർബന്ധിത ഇൻഷുറൻസ് പദ്ധതിയാണ് പ്രവാസി ഭാരതീയ ബീമാ യോജന. വിവിധ ഇൻഷുറൻസ്​ കമ്പനികളുമായി സഹകരിച്ച് 2003ലാണ്​ ​കേന്ദ്രസർക്കാർ പദ്ധതി ആരംഭിച്ചത്​. നേരത്തെ പദ്ധതി ഇ.സി.ആർ കാറ്റഗറിയിൽ പെട്ടവർക്ക് മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ഇ.സി.എൻ.ആർ വിഭാഗത്തിൽപെട്ട 1983ലെ ഇമിഗ്രേഷൻ നിയമത്തിന്‍റെ സെക്ഷൻ 2 (ഒ ) പരിധിയിൽ വരുന്ന മുഴുവൻ തൊഴിലാളികളെയും ഉൾ​പ്പെടുത്തി.

പ്രീമിയവും പ്രായപരിധിയും

വിദേശങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും പദ്ധതിയിൽ അംഗങ്ങളാവാം. ജോലി ചെയ്യുന്നതിനിടയിൽ, അപകട മരണമോ സ്ഥിരമായ വൈകല്യമോ സംഭവിച്ചാൽ അല്ലെങ്കിൽ തൊഴിൽ നഷ്ടമാകുമ്പോൾ ഇൻഷ്വർ ചെയ്ത വ്യക്തിക്ക് 10 ലക്ഷം രൂപ പ്രവാസി ഭാരതീയ ബീമാ യോജന വാഗ്ദാനം ചെയ്യുന്നു. രണ്ടും മൂന്നും വർഷത്തേക്ക് യഥാക്രമം 275 രൂപയും 375 രൂപയുമാണ് പ്രീമിയം.

അപേക്ഷകൻ ഒരു വിദേശ ഇന്ത്യക്കാരനായിരിക്കണം (എമിഗ്രേഷൻ ക്ലിയർ ചെയ്‌തത്) എന്നതാണ് സ്‌കീമിൻ്റെ യോഗ്യതാ മാനദണ്ഡം. കൂടാതെ, അപേക്ഷകൻ്റെ പ്രായം 18-നും 65-നും ഇടയിലായിരിക്കണം (പരമാവധി എൻട്രി പ്രായം എമിഗ്രേഷൻ ക്ലിയറൻസിന് വിധേയമാണ്).

പ്രധാന സവിശേഷതകൾ

  1. അപകട മരണം സംഭവിച്ചാൽ പോളിസി ഉടമയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ലഭിക്കുകയും മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോവാനുള്ള യാത്രാ ചെലവും, പുറമെ മൃതദേഹം അനുഗമിക്കുന്ന ഒരാൾക്ക് എക്കോണമി മടക്ക ടിക്കറ്റും ലഭിക്കും. മരണമടഞ്ഞ അംഗത്തിൻെറ ചികിൽസ ചെലവുകൾക്ക് 50,000 രൂപ വരെ സഹായവും ലഭിക്കും. സ്​ഥിരം അംഗവൈകല്യം സംഭവിച്ചാൽ 10 ലക്ഷം രൂപയും എക്കോണമി ടിക്കറ്റും ലഭിക്കും.
  2. കിടത്തി ചികിത്സക്ക് പരമാവധി 50,000 രൂപ. ജോലി ചെയ്യുന്ന രാജ്യത്തോ ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യങ്ങളിലും ചികിത്സ തേടിയാലും ഈ ആനുകൂല്യങ്ങൾ ലഭ്യമാവും.
  3. പദ്ധതിയിൽ അംഗമായി ചേർന്ന് ഒരു വർഷത്തിനുള്ളിൽ അസുഖം മൂലം ജോലി ചെയ്യാൻ പറ്റാത്ത കാരണത്താൽ ജോലിയിൽനിന്ന് പിരിച്ചുവിടുകയാണെങ്കിൽ അംഗത്തിന് വൺവെ ടിക്കറ്റിന് ചെലവാകുന്ന തുക ലഭിക്കും.
  4. പ്രവാസിയുടെ വിദേശ തൊഴിലുമായി ബന്ധപ്പെട്ട വ്യവഹാരത്തിനുള്ള നിയമപരമായ ചെലവുകൾ 45000 രൂപ വരെ ലഭിക്കും.
  5. സ്ത്രീ അംഗങ്ങൾക്ക് സാധാരണ പ്രസവത്തിന് 35,000 രൂപയും സിസേറിയൻ പ്രസവത്തിന് 50,000 രൂപയും ലഭ്യമാവും.

അപേക്ഷിക്കേണ്ടത് എങ്ങനെ..?

ഓൺലൈൻ വഴി പ്രവാസി ഭാരതീയ ബീമാ യോജനയ്ക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ IFFCO-TOKIO ജനറൽ ഇൻഷുറൻസ്, ഓറിയൻ്റൽ ഇൻഷുറൻസ് എന്നിവ പോലുള്ള സ്ഥാപനങ്ങൾ വഴി പദ്ധതിയിൽ അംഗങ്ങളാകാം. അപേക്ഷിക്കുന്നതിന് മുൻപ് പാസ്‌പോർട്ട്, വിസ, വർക്ക് പെർമിറ്റ് നമ്പർ തുടങ്ങിയ യാത്രാ സംബന്ധമായ എല്ലാ രേഖകളും കയ്യിൽ കരുതണം.

2/3 വർഷത്തെ പ്രാരംഭ കാലയളവിന് ശേഷം പ്രവാസി ഭാരതീയ ബീമാ യോജന പോളിസി ഓൺലൈനായി പുതുക്കാവുന്നതാണ്. തൊഴിലുടമയുടെ മാറ്റമോ ഇൻഷ്വർ ചെയ്തയാളുടെ സ്ഥാനമോ മാറിയാലും ഈ സ്കീം സാധുവായി തുടരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *