സ്‌കൂള്‍ തുറക്കുന്ന ആദ്യ ദിവസം യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരായ രക്ഷിതാക്കള്‍ക്ക് മൂന്ന് മണിക്കൂര്‍ ജോലി ഇളവ്
വേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസം യുഎഇയിലെ ഫെഡറല്‍ ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് മൂന്ന് മണിക്കൂര്‍ ജോലി ഇളവ് പ്രഖ്യാപിച്ച് യുഎഇ. രാജ്യം നടപ്പിലാക്കുന്ന ‘ബാക്ക് – ടു – സ്‌കൂള്‍’ നയത്തിന്‍റെ ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് വ്യാഴാഴ്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.ബാക്ക്-ടു-സ്‌കൂള്‍ നയം അനുസരിച്ച്, ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരായ രക്ഷിതാക്കള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തിന്‍റെ ആദ്യ ദിവസവും നഴ്സറികളിലും കിന്‍റര്‍ഗാര്‍ട്ടനുകളിലും കുട്ടികളുള്ളവര്‍ക്ക് ആദ്യ ആഴ്ചയിലും വഴക്കമുള്ള ജോലി സമയം അനുവദിക്കും. പ്രൈമറി സ്റ്റേജിലും അതിനു മുകളിലുമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്‌കൂളിലെ ആദ്യ ദിവസം രാവിലെ വൈകി ഓഫീസിലെത്തുകയോ അല്ലെങ്കില്‍ വൈകീട്ട് നേരത്തെ പുറപ്പെടുകയോ ചെയ്യാം.രാവിലെ കുട്ടിയോടൊപ്പം സ്‌കൂളില്‍ പോകാനും വൈകിട്ട് സ്‌കൂളില്‍ നിന്ന് തിരികെ എത്തിക്കാനും അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഇങ്ങനെ വൈകി വരാനോ നേരത്തേ പോവാനോ അനുവദനീയമായ സമയം ആകെ മൂന്ന് മണിക്കൂറായി പരിമിതപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഈ മൂന്നു മണിക്കൂര്‍ ഒന്നിച്ച് എടുക്കുകയോ രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളിലായി വിഭജിക്കുകയോ ചെയ്യാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)