പൊതുമാപ്പ് അപേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താം; യുഎഇ സൗകര്യമൊരുക്കുന്നു
യുഎഇയിലെ പൊതുമാപ്പ് അപേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താന്‍ സൗകര്യമൊരുക്കുകയാണ് യുഎഇ. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിവിധ വിമാന കമ്പനികളുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ് , കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ചര്‍ച്ച നടത്തി. വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കണമെന്നാണ് ഐസിപി ആവശ്യപ്പെട്ടത്.ഇത്തിഹാദ്, എമിറേറ്റ്സ്, എയര്‍ അറേബ്യ, ഫ്ളൈ ദുബായ്, വിസ് എയര്‍ അബുദബി എന്നിങ്ങനെയുള്ള യുഎഇ എയര്‍ലൈനുകളോട് ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ എന്നിവര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയമലംഘന താമസ കാലയളവിൽ ജോലിയില്ലാതെ അലഞ്ഞു തിരിഞ്ഞവരുടെ പക്കൽ വിമാനക്കൂലിക്കുള്ള പണമുണ്ടാകാറില്ല. അതിനാണ് ഇപ്പോള്‍ ആശ്വാസമാകുന്നത്.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 30വരെ രണ്ട് മാസമാണ് പൊതുമാപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ടൂറിസ്റ്റ് വിസകളും കാലഹരണപ്പെട്ട റെസിഡന്‍സി വിസകളും ഉള്‍പ്പെടെ എല്ലാത്തരം വിസകളും പൊതുമാപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. രേഖകള്‍ ഇല്ലാതെ ജനിച്ചവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകും. സ്പോണ്സര്മാരില് നിന്ന് ഒളിച്ചോടിയവര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാം. അതേസമയം അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് പൊതുമാപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. അധിക സ്റ്റേ, പിഴയോ എക്സിറ്റ് ഫീയോ ഈടാക്കില്ലെന്ന് ഐസിപി ഉറപ്പുനല്‍കിയിട്ടുണ്ട്. രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവേശന വിലക്ക് ലഭിക്കില്ല. അവര്‍ക്ക് ഉചിതമായ വിസയുമായി എപ്പോള്‍ വേണമെങ്കിലും യുഎഇയിലേക്ക് തിരിച്ചു വരാനാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)