യുഎഇയിൽ റൂം ഷെയർ ചെയ്ത് താമസിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
യുഎഇയിൽ ജോലി തേടിയും, നാട് കാണാനും നിരവധി പേരാണ് എത്തുന്നത്. ഇവരൊക്കെ താമസത്തിനായി ബന്ധുക്കളുടെ ഫ്ലാറ്റോ അല്ലെങ്കിൽ വില്ലയോ ആകും തെരഞ്ഞെടുക്കുക. ദുബായിലെ പല വില്ലകളിലും അപാർട്ടുമെന്റുകളിലും ഒന്നിൽ കൂടുതൽ കുടുംബങ്ങൾ താമസിക്കാറുണ്ട്. അടുക്കളയും, ഡെെനിങ് ഹാളും പരസ്പരം ഷെയർ ചെയ്യും. ഇതാണ് രീതി. കുടുംബങ്ങൾ താമസിക്കുന്ന ഏരിയയിൽ ബാച്ചിലർമാർക്ക് വീട് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. ചില കമ്പനികൾ തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി ലേബർ ക്യാമ്പുകള്‍ നൽകാറുണ്ട്. ഇത്തരത്തിൽ താമസിക്കുന്നതിന് എല്ലാം കൃത്യമായ മാർഗനിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന നിയമം നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർ എത്താറുമുണ്ട്. ദുബായിലെ വില്ലകളിലും അപാർട്ടുമെന്റുകളിലും ഒരാള്‍ക്ക് 5 ചതുരശ്രമീറ്റർ എന്ന കണക്കില്‍ സ്ഥലമുണ്ടായിരിക്കണം എന്നാണ് നിയമം. 5 ചതുരശ്രമീറ്റർ ചുറ്റളവിൽ ഒന്നിൽ കൂടുതൽ ആളുകൾ താമസിക്കുന്നുണ്ടെങ്കിൽ അത് ജനബാഹുല്യമായി ( ഓവർ ക്രൗഡഡ് ) കണക്കാക്കും. ദുബായ് ലാന്‍ഡ് ഡിപാർട്മെന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ദുബായ് മുനിസിപ്പിലാറ്റിയുടെ കണക്ക് അനുസരിച്ച് ഒന്നിൽ കൂടുതൽ ആളുകൾ വീട് ഷെയർ ചെയ്യുന്നുണ്ടെങ്കിൽ അതിനുള്ള സ്ഥലം അവിടെ ഉണ്ടായിരിക്കണം. കുടുംബങ്ങള്‍ക്ക് മാത്രമായി നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ ബാച്ചിലേഴ്സ് താമസിച്ചാൽ പിഴ അടക്കേണ്ടി വരും. ഇത്തരം സ്ഥലങ്ങളിൽ അധികൃതരുടെ പരിശോധനങ്ങൾ നടക്കും. മാത്രമല്ല, റൂം ഷെയർ ചെയ്യുമ്പോഴും ചില നിയമങ്ങൾ പാലിക്കണം. ലേബർ ക്യാമ്പുകള്‍, മൂന്ന് പേർ ചേർന്ന് റൂം ഷെയർ എന്നിവയ്ക്ക് ഒരാള്‍ക്ക് 3.7 ചതുരശ്രമീറ്ററാണ് സ്ഥലം നൽകേണ്ടത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ ജോലിക്കാരെ താമസിപ്പിക്കുന്നത് തെറ്റാണ്. കുറച്ച് സ്ഥലത്ത് കൂടുതൽ ആളുകളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ എത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് നിയമം കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ വാടകയുടമ അറിയാതെ താമസ ഇടങ്ങളില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ വാടക കരാറുകള്‍ അവസാനിപ്പിക്കുന്നതിന് വാടക ഉടമയ്ക്ക് അവകാശമുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)