സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കി; ഡ്രൈവറും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും കസ്റ്റഡിയിൽ
മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവത്തിൽ കാർ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും കസ്റ്റഡിയിൽ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവശേഷം ഒളിവിൽ പോയ അജ്മലിനെ പതാരത്തുനിന്നാണ് പിടികൂടിയത്. പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. ഇടിച്ചയുടൻ കാർ നിർത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും കാർ നിർത്താതെ സ്കൂട്ടർ യാത്രികളുടെ ശരീരത്തിലൂടെ കയറ്റിരക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. സ്കൂട്ടർ യാത്രികരായ സ്ത്രീകളെ അജ്മൽ ഓടിച്ച കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിച്ചുവീഴ്ത്തിയ ശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മൽ കാർ കയറ്റിയിറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) രാത്രിയോടെയാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ശ്രീക്കുട്ടിയെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാർ. അജ്മലിനെതിരെ മുമ്പ് 5 കേസുകളുണ്ടെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പൊലീസ് പുറത്ത് വിട്ടത്. മോഷണം, പൊതു മുതൽ നശിപ്പിക്കൽ, വഞ്ചന തുടങ്ങി കുറ്റങ്ങൾക്കാണ് അജ്മലിനെതിരെ കേസെടുത്തിട്ടുളളത്. അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. അജ്മലിനൊപ്പം കാറിലുണ്ടായിരുന്ന ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)