Posted By sneha Posted On

നാല് മാസങ്ങള്‍ക്കിടെ യുഎഇയിൽ അഞ്ച് ഭൂചലനങ്ങള്‍; ഏതൊക്കെ മേഖലയിലെന്ന് അറിയാം

യുഎഇയിൽ റിക്ടര്‍ സ്കെയിലിൽ 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന് കീഴിലുള്ള നാഷണൽ സീസ്മിക് നെറ്റ്വര്‍ക്ക് സ്റ്റേഷന്‍ അറിയിച്ചു. ഫുജൈറയിലെ ദിബ്ബയിലുള്ള അൽ റഹീബിൽ ഞായറാഴ്ച്ച രാത്രി 10:27-നാണ് ഭൂകമ്പം നടന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് കി.മീ ഡെപ്തിലാണ് ഭൂകമ്പമുണ്ടായത്. നേരിയ തോതിൽ ഭൂകമ്പം താമസക്കാര്‍ക്ക് അനുഭവപ്പെട്ടെന്നും എന്നാൽ മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. സെപ്റ്റംബര്‍ മാസത്തിൽ യുഎഇയിൽ അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്. സെപ്റ്റംബര്‍ ഒന്നിന് ഫുജൈറയിലെ മസാഫി മേഖലയിലാണ് റിക്ടര്‍ സ്കെയിലിൽ 2.3 തീവ്രതയിലുള്ള ഭൂകമ്പം അനുഭവപ്പെട്ടത്. കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടയിൽ അഞ്ച് ഭൂകമ്പങ്ങളാണ് യുഎഇയിലുണ്ടായത്. സെപ്റ്റംബര്‍ ഒന്നിലെ ഭൂകമ്പത്തിന് മുമ്പ് ഓഗസ്റ്റ് 18-നും ഫുജൈറയിൽ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. ദിബ്ബ തീരമേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ജൂണ്‍ എട്ടിന് രാത്രി 11 മണിക്ക് മസാഫി മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അതിന് മുമ്പ് മെയ് മാസത്തിലാണ് ഒമാന്‍ കടലിൽ നേരിയ ഭൂചലനമുണ്ടായത്. മെയ് 29-ന് റാസൽ ഖൈമയുടെ തീരമേഖലയിൽ ആദ്യം 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. തൊട്ടുപിന്നാലെ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനവും അനുഭവപ്പെട്ടു. ഭൂചലനങ്ങള്‍ ഉള്‍പ്പടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ നിരീക്ഷിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് കൃത്യസമയത്തുള്ള വിവരങ്ങള്‍ കൈമാറുന്നതിനും വേണ്ടി മികച്ച പ്രവര്‍ത്തനങ്ങളാണ് യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം നടത്തുന്നത്. ഇതിന്‍റെ ഭാഗമായി National Early Warning System എന്ന സംവിധാനമാണ് യുഎഇ ഏര്‍പ്പെടുത്തിയിരുന്നു. പ്രകൃതി ദുരന്തങ്ങള്‍ നടക്കുന്നതിന് മുമ്പ്, ആ മേഖലയിൽ താമസിക്കുന്ന വ്യക്തികളുടെ മൊബൈൽ ഫോണിൽ അലെര്‍ട്ട് അയക്കുന്നതാണ് ഈ സംവിധാനം. അലെര്‍ട്ട് നേരത്തെ ലഭിക്കുന്നതിനാൽ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയും. അടുത്തിടെ ലോകമെമ്പാടുമുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടി Early Warning System for All എന്ന സംവിധാനവും യുഎഇ കൊണ്ടുവന്നിരുന്നു. വിദേശ രാജ്യങ്ങളിൽ താമസിക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുന്ന യുഎഇ പൗരന്‍മാര്‍ക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാലാവസ്ഥാ സാഹചര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണിത്. സെപ്റ്റംബറിന്‍റെ തുടക്കത്തിൽ യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഈ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തത്. മുന്നറിയിപ്പുകള്‍ എസ് എം എസ് ആയാണ് യുഎഇ പൗരന്‍മാര്‍ക്ക് ലഭിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *