വിസ നിയമലംഘനങ്ങൾ ശരിയാക്കാൻ ഇനി 24 ദിവസങ്ങൾ മാത്രം; ഔട്ട് പാസ് ലഭിച്ചാൽ ഉടൻ രാജ്യം വിടണം, പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് യുഎഇ
യുഎഇയിൽ പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് അധികൃതർ. ഈ മാസത്തിന് ശേഷം പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഡയറക്ടർ ജനറൽ സൂഹൈൽ സയീദ് അൽ ഖൈലി അറിയിച്ചു. എക്‌സിറ്റ് പെർമിറ്റ് (ഔട്ട്പാസ്) ലഭിച്ചിട്ടും രാജ്യം വിടാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഐസിപി വ്യക്തമാക്കി. അനധികൃത താമസം നടത്തിയാൽ വൻ പിഴ, തടവ് അടക്കം കർശനമായ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
മടങ്ങാത്തവരെ പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തുമെന്നും കോടതികളിൽ പോലും നിയമനടപടികളിൽ ഇളവ് നൽകില്ലെന്നും സയീദ് അൽ ഖൈലി കൂട്ടിച്ചേർത്തു. ഔട്ട്പാസ് ലഭിച്ചിട്ടും നിരവധി പേർ രാജ്യത്ത് തുടരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പൊതുമാപ്പ് കാലയളവിലും താമസം നിയമവിധേയമാക്കാതെ രാജ്യത്ത് താമസിക്കുന്നവരുടെ പേരിലുള്ള നിയമലംഘനപിഴ പുനസ്ഥാപിക്കുമെന്ന് ഐസിപിയിലെ റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് ഡയറക്ടർ ജനറൽ മേജർ ജനറൽ സുൽത്താൻ യൂസഫ് അൽ നുഐമി പറഞ്ഞു.
നേരത്തെ രാജ്യം വിട്ടു പോകാനുള്ള അവസാന ദിവസം ഔട്ട് പാസ് കൈക്കലാക്കി 15 ദിവസം എന്നതായിരുന്നു. എന്നാൽ അത് ഈ മാസം 31 വരെയായി നീട്ടുകയായിരുന്നു. ആരെങ്കിലും നിയമം ലംഘിക്കുന്നുണ്ടോയെന്ന് അറിയാൻ റസിഡൻഷ്യൽ ഏരിയകളിലും കമ്പനികളിലും ഊർജിതമായ പരിശോധന ക്യാമ്പയിനുകളും നടത്തും. ഇതിലൂടെ പിടിക്കപ്പെടുന്ന നിയമലംഘകരെ ഭാവിയിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കപ്പെട്ട വ്യക്തികളുടെ പട്ടികയിലുൾപ്പെടുത്തും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)