Posted By sneha Posted On

ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത; നിരവധി തൊഴിലവസരങ്ങൾ, പുതിയ നീക്കങ്ങളുമായി യുഎഇ

വരും വർഷങ്ങളിൽ ഹോസ്‌പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ പുതിയ നീക്കങ്ങൾക്കൊരുങ്ങി യുഎഇ. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളായ ഹോസ്‌പിറ്റാലിറ്റി, ടൂറിസം മേഖല വിപുലീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2031ഓടെ രാജ്യത്തെ ജിഡിപി 16 ശതമാനമായി വർദ്ധിക്കും. 2023ലെ 11.7 ശതമാനത്തിൽ നിന്നും ഗണ്യമായ വർദ്ധനവ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് രാജ്യം. അതിനായി ഏകദേശം 220 ബില്യൺ ദിർഹത്തിന്റെ അധിക സാമ്പത്തിക വളർച്ച കൈവരിക്കണം.

ഈ ലക്ഷ്യങ്ങൾ സാക്ഷാത്‌കരിക്കുന്നതിനായി അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഹോട്ടൽ വ്യവസായത്തിൽ 450 ബില്യൺ ദി‌ർഹം നിക്ഷേപം ഉറപ്പാക്കാൻ യുഎഇ പദ്ധതിയിടുന്നുണ്ട്. വെൽനസ്, മെഡിക്കൽ ടൂറിസം എന്നിവയിൽ കാര്യമായ ഇടപെടലുകൾ നടത്തി ഷാർജ, ഫുജൈറ, അജ്മാൻ, ആർഎകെ എന്നിവയുൾപ്പെടെയുള്ള നോർത്തേൺ എമിറേറ്റുകളിൽ ടൂറിസം സംരംഭങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടും.

ദുബായിൽ നടന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിൽ യുഎഇ ഈ ലക്ഷ്യങ്ങളുടെ രൂപരേഖ അവതരിപ്പിച്ചിരുന്നു. ഇവ ലക്ഷ്യം വച്ചുള്ള പാതയിലാണ് രാജ്യമെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരി പറഞ്ഞിരുന്നു. ‘2024ന്റെ ആദ്യപകുതിയിൽ ഏകദേശം 73 ദശക്ഷം സന്ദർശകരാണ് യുഎഇ വിമാനത്താവളത്തിൽ എത്തിയത്. ദശലക്ഷക്കണക്കിന് വരുന്ന സന്ദർശകരെ സ്വീകരിക്കാനായി 1200ലധികം ഹോട്ടലുകൾ ‌ഞങ്ങളുടെ രാജ്യത്തുണ്ട്. ഇത് ലോകത്തെ തന്നെ ഏറ്റവും ഉയർന്ന സംഖ്യയാണ് ‘, അൽ മർരി പറഞ്ഞു.

വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ (ഡബ്ല്യുടിടിസി) കണക്കനുസരിച്ച്, കഴിഞ്ഞ വർഷം ട്രാവൽ ആൻഡ് ടൂറിസം വ്യവസായ രംഗത്ത് യുഎഇ 26 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇത് രാജ്യത്തിന്റെ ജിഡിപിയിലേക്ക് 220 ബില്യൺ ദിർഹം സംഭാവന ചെയ്‌തു.

രാജ്യം പുതിയ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ നിരവധി പുതിയ തൊഴിലവസരങ്ങളും ഉണ്ടാകും. നിലവിൽ 8,00,000 ആളുകളാണ് യുഎഇയിലെ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നത്. അതായത് രാജ്യത്തെ 12 ശതമാനത്തോളം തൊഴിലാളികൾ ഈ മേഖലയിലാണ്. ടൂറിസം മേഖലയിൽ കൂടുതൽ യുഎഇ പൗരന്മാരെ ആകർഷിക്കുന്നതിന് നഫീസ് പ്രോഗ്രാമുമായി കൈകോർക്കുമെന്നും യുഎഇ സാമ്പത്തിക മന്ത്രി വ്യക്തമാക്കി. പുതിയ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾക്കും യുഎഇയിൽ തൊഴിലവസരങ്ങൾ ഒരുങ്ങും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *