Posted By editor1 Posted On

കേംബ്രിജ് അനലിറ്റികാ വിവാദത്തില്‍ ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗിനെതിരെ കേസ്

ദശലക്ഷക്കണക്കിന് ആളുകളുടെ ഡേറ്റാ ചോര്‍ന്ന കേംബ്രിജ് അനലിറ്റികാ വിവാദത്തില്‍ ഫെയ്‌സ്ബുക് (മെറ്റ) മേധാവിക്കെതിരെ വര്‍ഷങ്ങള്‍ക്കു ശേഷം കേസ്. അമേരിക്കയിലെ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ (ഡിസി) ആണ് കേസ് കൊടുത്തിരിക്കുന്നത് എന്ന് എപി റിപ്പോര്‍ട്ടു ചെയ്യുന്നു. ഡിസിസുപീരിയര്‍ കോടതിയില്‍, ഡിസിയുടെ അറ്റോര്‍ണി ജനറല്‍ കാള്‍ റസിന്‍ ആണ് സക്കര്‍ബര്‍ഗിനെതിരെ സിവില്‍ കേസ് നല്‍കിയിരിക്കുന്നത്. ഡേറ്റാ ചോര്‍ച്ചയ്ക്കിടയാക്കിയ സംഭവത്തിലേക്കു നയിച്ച പല തീരുമാനങ്ങളും എടുക്കുന്ന സമയത്ത് സക്കര്‍ബര്‍ഗ് നേരിട്ട് ഇടപെട്ടു എന്നാണ് കേസില്‍ പറഞ്ഞിരിക്കുന്നത്.

കേംബ്രിജ് അനലിറ്റിക കമ്പനി 87 ദശലക്ഷം ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ ഡേറ്റായാണ് അവരുടെ അനുമതിയില്ലാതെ ശേഖരിച്ചത്. ഇത് 2016ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥനാര്‍ഥിക്കു ഗുണമുണ്ടാക്കാന്‍ വേണ്ടി ആയിരുന്നു എന്നും ആരോപിക്കപ്പെടുന്നു. ഫെയ്‌സ്ബുക്കിന്റെ സ്ഥാപകരില്‍ ഒരാളാണ് സക്കര്‍ബര്‍ഗ് എന്നതു കൂടാതെ, 2012 മുതല്‍ അതിന്റെ ബോര്‍ഡ് മേധാവിയായും പ്രവര്‍ത്തിക്കുന്നു. ഫെയ്‌സ്ബുക്കിനുള്ളില്‍ എന്തെങ്കിലും തരം വോട്ടെടുപ്പു നടന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിനെ വിലയുള്ളു. കാരണം 50 ശതമാനത്തിലേറെ വോട്ടിങ് ശതമാനവും സക്കര്‍ബര്‍ഗിന്റേതു മാത്രമാണ്. ചുരുക്കിപ്പറഞ്ഞാല്‍ സക്കര്‍ബര്‍ഗിന് ഫെയ്‌സ്ബുക്കിനു മേലുള്ളത് സമാനതകളില്ലാത്ത നിയന്ത്രണാധികാരമാണെന്നും കേസില്‍ പറയുന്നു. മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ വക്താവ് കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. അതേസമയം, കേസ് മെറ്റാ കമ്പനിക്ക് അവഗണിക്കാനാവില്ലെന്നും പറയുന്നു. കാരണം വിവാദ സംഭവത്തില്‍ സക്കര്‍ബര്‍ഗിന്റെ ഇടപെടല്‍ തെളിയിക്കാനുള്ള നിരവധി പുതിയ തെളിവുകളുമായാണ് കാള്‍ കേസു ഫയല്‍ ചെയ്തിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *