സന്ദർശകവീസയിൽ യുഎഇയിൽ എത്തിയവർക്ക് സന്തോഷ വാർത്ത; സാധനങ്ങൾക്ക് നൽകിയ വാറ്റ് തുക തിരികെ ലഭിക്കും; ഇക്കാര്യം അറിഞ്ഞിരിക്കണം
യുഎഇയിൽ സന്ദർശക വീസയിലെത്തുന്നവർക്ക് സാധനങ്ങൾ വാങ്ങുമ്പോൾ നിങ്ങൾ നൽകുന്ന വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) തുക യുഎഇ നിങ്ങൾക്ക് തിരിച്ചുനൽകും. യുഎഇയിൽ പ്ലാനറ്റ് എന്ന സ്ഥാപനമാണ് വാറ്റ് റീഫണ്ട് നടപടിക്രമങ്ങൾ ചെയ്യുന്നത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കരഅതിർത്തികളിലുമെല്ലാം ഇതിനായുളള കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇനി, സാധനങ്ങൾ വാങ്ങിയ ബില്ലുകൾ ഇല്ലെങ്കിലും ഈ തുക തിരിച്ചുകിട്ടാൻ വഴിയുണ്ട്. കാരണം യുഎഇയിലെ മിക്ക ഔട്ട്ലെറ്റുകളിലും ഇപ്പോൾ പേപ്പർബില്ലുകൾ നൽകുന്നില്ല. മെയിൽ ഐഡികളിലേക്ക് അല്ലെങ്കിൽ എസ്‍എംഎസ് ഇ- കോപ്പിയായി ബില്ല് അയക്കുകയാണ് ചെയ്യുന്നത്. 2018 മുതൽ നിലവിലുണ്ടെങ്കിലും 2022 ലാണ് യുഎഇയിലെ ഫെഡറൽ ടാക്സ് അതോറിറ്റി പൂർണമായും ഡിജിറ്റലായി വാറ്റ് തുക തിരിച്ചുനൽകുന്ന രീതി ആരംഭിച്ചത്. രാജ്യത്തെത്തുന്ന സന്ദർശകർക്ക് വാറ്റ് റീഫണ്ട് എളുപ്പമാക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്. വിവിധ റീട്ടെയ്ൽ ഷോപ്പുകൾ ഇതിനോട് പൂർണമായും സഹകരിച്ചു.
അതിന് ആദ്യം വാറ്റ് റീഫണ്ട് ലഭിക്കാൻ അർഹത ഉണ്ടോ എന്ന് അറിയണം.
ഇക്കാര്യങ്ങൾ ഓർക്കുക
- യുഎഇയിൽ താമസവീസയുളളവരാകരുത്
- വിമാനകമ്പനിയുടെ ജീവനക്കാരനായി യുഎഇയിലെത്തി മടങ്ങുന്നവർക്കും ഈ ആനുകൂല്യം ലഭിക്കില്ല.
- 18 വയസ്സിന് മുകളിലുളളവരായിരിക്കണം.
- സാധനങ്ങൾ വാങ്ങിക്കുന്ന കടകൾ യുഎഇയുടെ വാറ്റ് റീഫണ്ട് പ്രോഗ്രാമിന്റെ ഭാഗമായിരിക്കണം. ഷോപ്പിങ് നടത്തുന്നതിന് മുൻപ് ഇക്കാര്യം ചോദിച്ച് മനസ്സിലാക്കാം.
- സാധനങ്ങൾ വാങ്ങി 90 ദിവസത്തിനുളളിലാണെങ്കിൽ മാത്രമെ റീഫണ്ട് ആനുകൂല്യം ലഭിക്കുകയുളളൂ.
- റീഫണ്ടിന് അപേക്ഷിക്കുന്ന സാധനങ്ങൾ കൈവശമുണ്ടായിരിക്കണം.
എങ്ങനെ വാറ്റ് റീഫണ്ട് ആവശ്യപ്പെടാം
- ലഗേജ് ചെക്കിങിന് മുൻപ് എല്ലാ ബില്ലുകളും സാധനങ്ങളും വിമാനത്താവളങ്ങളിലോ ലാൻഡ് പോർട്ടുകളിലോ ഉളള വാറ്റ് റീഫണ്ട് കേന്ദ്രങ്ങളിൽ നൽകണം. പാസ്പോർട്ട് അവിടെയുളള നിയുക്ത വ്യക്തിക്ക് നൽകാം.
- സ്വയം സേവന കിയോസ്കുകളിലാണെങ്കിൽ ആദ്യം പാസ്പോർട്ട് അല്ലെങ്കിൽ ജിസിസി ഐഡി സ്കാൻ ചെയ്യാം. അല്ലെങ്കിൽ പാസ്പോർട്ട് നമ്പർ ടൈപ്പ് ചെയ്ത് നൽകാം. തുടർന്ന് വരുന്ന നിർദ്ദേശങ്ങൾ പാലിക്കാം. തുടർച്ച് പച്ച വെളിച്ചമാണ് തെളിയുന്നതെങ്കിൽ സ്കാനിങ് പൂർത്തിയായെന്നാണ് മനസിലാക്കേണ്ടത്. ചുവപ്പുവെളിച്ചമാണ് തെളിയുന്നതെങ്കിൽ കേന്ദ്രത്തിലുളള നിയുക്ത വ്യക്തിയുടെ സഹായം തേടാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)